പുതുവത്സരരാവിൽ ഇസ്രായേലിലേക്ക് റോക്കറ്റ് വർഷിച്ച് ഹമാസ്
|18 റോക്കറ്റുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തിട്ടതായി ഇസ്രായേൽ സേന അവകാശപ്പെട്ടു
തെൽഅവീവ്: പുതുവത്സരരാവിൽ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച് ഹമാസ്. ഇന്നു പുലർച്ചെ തൊട്ട് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് നിരവധി റോക്കറ്റുകൾ വർഷിച്ചതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. പുതുവത്സരാഘോഷത്തിനിടെയാണ് തെക്കൻ-മധ്യ ഇസ്രായേൽ മേഖലകളിലേക്ക് 27ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചത്.
ഇതിൽ 18 എണ്ണം വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ഒൻപത് റോക്കറ്റുകൾ തുറസ്സായ സ്ഥലങ്ങളിലാണു പതിച്ചത്. റെഹോവോത്ത്, നെസ് സയോണ, ഹോലോൻ, ലോദ്, മോദീൻ, അഷ്ദോദ്, സിദ്രോത്ത് ഉൾപ്പെടെയുള്ള നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും പലതവണ അപായമണി മുഴങ്ങി. തെൽഅവീവിൽ വൻ സ്ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അൽഖസ്സാം ബ്രിഗേഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എം90 റോക്കറ്റുകളാണ് ഹമാസ് വിക്ഷേപിച്ചത്. ഇസ്രായേൽ പച്ചയ്ക്കു നടത്തുന്ന സിവിലിയൻ കൂട്ടക്കൊലയ്ക്കുള്ള തിരിച്ചടിയാണിതെന്ന് അൽഖസ്സാം വ്യക്തമാക്കി.
ആക്രമണങ്ങളിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റുകൾ കെട്ടിടങ്ങളിലും മറ്റും നേരിട്ടു പതിച്ചിട്ടില്ലെന്ന് റിഷോൻ ലെസിയൺ, നെസ് സയോണ നഗരസഭാ ഭരണകൂടങ്ങൾ അറിയിച്ചു. തങ്ങളുടെ അതിർത്തിപ്രദേശങ്ങളിലേക്കാണ് റോക്കറ്റുകൾ എത്തിയതെന്നാണ് ഇവർ വിശദീകരിച്ചു.
പുതുവർഷത്തിലും ഹമാസ് ഭീകരത തുടരുകയാണെന്ന് ഐ.ഡി.എഫ് എക്സിൽ കുറിച്ചു. 129 ഇസ്രായേലികൾ ഇപ്പോഴും ഗസ്സയിൽ ഹമാസിന്റെ പിടിയിലുണ്ട്. അപ്പോഴും ഇസ്രായേലിലേക്ക് റോക്കറ്റ് വർഷിച്ച് 2024നു തുടക്കമിടാനായിരുന്നു ഹമാസിന്റെ തീരുമാനമെന്നും ബന്ദികളെ മുഴുവൻ വീടുകളിൽ തിരിച്ചെത്തിക്കുംവരെ സന്തോഷ പുതുവർഷമില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, ഗസ്സയിൽനിന്ന് ആയിരക്കണക്കിനു സൈനികരെ ഇസ്രായേൽ പിൻവലിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. കൂടുതൽ ശക്തി സംഭരിച്ചു വലിയ പോരാട്ടത്തിനൊരുങ്ങാനായാണു സൈനികരെ തിരിച്ചുവിളിക്കുന്നതെന്നാണ് സൈനികവക്താവിന്റെ വിശദീകരണം. അടുത്ത ദിവസങ്ങളിലായി അഞ്ച് ബ്രിഗേഡുകളെ പിൻവലിക്കുമെന്നാണു പ്രഖ്യാപനം.
ഇതോടൊപ്പം റിസർവ് സേനയിലുള്ള സിവിലിയന്മാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചയയ്ക്കും. യുദ്ധത്തെ തുടർന്നു തകർന്നുകിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു ന്യായം പറയുന്നത്.
റിസർവ് സേന നാട്ടിലെത്തുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നു സൈനിക വക്താവ് ഡാനിയേൽ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചു. ഈ വർഷം നടക്കാനുള്ള സൈനിക നടപടികൾക്കുള്ള ശക്തി സംഭരിക്കാനും ഇതു സഹായിക്കും. യുദ്ധം തുടരുന്നതിനാൽ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
Summary: Hamas attacks Israel with heavy rocket barrage in the new year midnight