ഏഴ് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ്
|റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക
ഗസ്സ സിറ്റി: വടക്കൻ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ, 82 പേർ കൊല്ലപ്പെടുകയും 234 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 35,173ൽ എത്തി.
ജബാലിയ ക്യാമ്പിലും പരിസരങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇസ്രായേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി ഹമാസ് സായുധവിഭാഗം അൽഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. 7 സൈനികരെ വകവരുത്തിയതായും അവർ അവകാശാപ്പെട്ടു. 28 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഒരു സൈനികനെ വധിച്ചതായി ഹിസ്ബുല്ലയും അറിയിച്ചു.
ഗസ്സയിലെ ആശുപത്രികളിൽ നല്ലൊരു പങ്കും പ്രവർത്തനം നിലച്ച സാഹചര്യത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനോ രക്ഷാപ്രവർത്തനം തുടരാനോ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതെ കുട്ടികൾ ഉൾപ്പെടെ ലക്ഷങ്ങൾ നരകിക്കുകയാണെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
യുനർവ കേന്ദ്രങ്ങളിലേക്ക് വീണ്ടും ഇസ്രായേൽ ആക്രമണം വ്യാപിച്ചതോടെ അവശേഷിച്ച സന്നദ്ധ പ്രവർത്തകർ ആശങ്കയിലാണ്. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ സ്ഥിതി അത്യന്തം ഗുരുതരമായി മാറുമെന്ന് യു.എൻ വീണ്ടും മുന്നറിയിപ്പ് നൽകി.
റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നൽകി. കൂടുതൽ ചർച്ചകൾക്കായി യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേധാവി യെയ്ക് സള്ളിവൻ ഇസ്രായേൽ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങളിൽ പര്യടനം നടത്തും.
വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഈജിപ്തും ഖത്തറുമായി വെടിനിർത്തൽ കരാർ സാധ്യതകൾ സംബന്ധിച്ച് ആശയ വിനിമയം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നാളെയും മറ്റന്നാളും നടക്കുന്ന ചർച്ചകളിൽ സംഘത്തെ അയക്കണമോ എന്ന കാര്യം ഇസ്രായേൽ തീരുമാനിച്ചിട്ടില്ല. ഇന്ന് ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. റഫ ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ തടയണം എന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് വീണ്ടും കോടതിയെ സമീപിച്ചത്.