പോരാട്ടം അവസാനിക്കുന്നില്ലെന്ന് ഹമാസ്; യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല
|പുതിയ തരം ഗൈഡഡ് മിസൈലുകളും ബോംബുകൾ വഹിക്കുന്ന ഡ്രോണുകളും ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതായും ഒരാഴ്ചയ്ക്കിടെ പത്ത് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും ഹിസ്ബുല്ല അറിയിച്ചു
ദുബൈ/ഗസ്സ സിറ്റി: അവസാന ഇസ്രായേൽ സൈനികൻ ഗസ്സ വിടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഹമാസ്. യഹ്‍യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച ഹമാസ്, പുതിയ നേതാവിനെ ഉടൻ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേൽ.
യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹമാസ്, നേതാക്കളെ ഉൻമൂലനം ചെയ്തതുകൊണ്ട് പോരാട്ടം അവസാനിക്കുമെന്ന് കരുതേണ്ടതില്ലെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നേതാക്കളെ മുമ്പും കൊലചെയ്ത സമയത്തും വിമോചനപ്രസ്ഥാനം കൂടുതൽ ശക്തി സംഭരിക്കുകയായിരുന്നുവെന്ന കാര്യം മറക്കരുതെന്നും ഹമാസ് മുതിർന്ന നേതാവ് ബാസിം നഈം പറഞ്ഞു. രക്തസാക്ഷിത്വം വരിച്ച നേതാക്കൾ അധിനിവേശത്തിനെതിരായ പേരാട്ടം ശക്തമായി തുടരാൻ തലമുറകൾക്ക് പ്രചോദനമായി മാറിയതാണ് അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിച്ച് സൈന്യം പൂർണമായും ഗസ്സ വിടുന്നതുവരെ ബന്ദികളുടെ മോചനം നടപ്പില്ലെന്നും ഹമാസ് അറിയിച്ചു.
അതേസമയം, സിൻവാറിനെ കൊലപ്പെടുത്തിയതോടെ ഹമാസിനെ ദുർബപ്പെടുത്താൻ കഴിഞ്ഞതായും കൂടുതൽ ശക്തമായ ആക്രമണം തുടരുമെന്നും നെതന്യാഹു ഉൾപ്പെടെ ഇസ്രായേൽ നേതാക്കൾ പ്രതികരിച്ചു. ഹമാസ് നേതാവിനെ കൊലപ്പെടുത്തിയ ഇസ്രായേല്‍ നീക്കത്തെ അഭിനന്ദിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഗസ്സയിൽ സമാധാനം കൊണ്ടുവരാനുള്ള മികച്ച അവസരമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
യഹ്‍യ സിൻവാറിന്‍റ വിയോഗത്തിൽ ഫതഹ് ഉൾപ്പെടെ ഫലസ്തീൻ കൂട്ടായ്മകളും ഇറാനും ഹിസ്ബുല്ലയും അനുശോചിച്ചിട്ടുണ്ട്. യമനിൽ പതിനായിരങ്ങൾ ഫലസ്തീൻ ജനതക്ക് പിന്തുണയുമായി തെരുവിലിറങ്ങി. യഹ്‍യ സിൻവാറിനു വേണ്ടി പ്രാർഥിക്കാൻ ലോക മുസ്‍ലിം സമൂഹത്തോട് ഹമാസ് അഭ്യർഥിച്ചു.
ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ലബനാനിലെ ഹിസ്ബുല്ല രംഗത്തെത്തി. തങ്ങളുടെ പോരാളികൾ പുതിയ തരം ഗൈഡഡ് മിസൈലുകളും ബോംബുകൾ വഹിക്കുന്ന ഡ്രോണുകളും ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയതായും ഹിസ്ബുല്ല അറിയിച്ചു. ഒരാഴ്ചയ്ക്കിടെ പത്ത് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായും നിരവധി സൈനിക ടാങ്കുകൾ തകർത്തതായും ഹിസ്ബുല്ല അറിയിച്ചു. ഇസ്രായേലിലെ ആക്രെയിലും ഹൈഫയിലും ഇന്നലെ ഹിസ്ബുല്ലയുടെ നിരവധി റോക്കറ്റുകൾ പതിച്ചു. അതേസമയം, വടക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 34 പേർ കൊല്ലപ്പെട്ടു. ജബാലിയ ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 20 പേർ മരിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അത്യന്തം ആശങ്കാജനകമാണെന്ന് യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Summary: Hamas states that the fight against Israel is not over; Hezbollah announces that a new phase of the war has begun