ഗസ്സയിൽ വെടിനിർത്തൽ രണ്ടാംദിനത്തിലേക്ക്; ഇന്ന് കൈമാറേണ്ട ബന്ദികളുടെ പട്ടിക ഇരുവിഭാഗവും പുറത്തുവിട്ടു
|കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു
തെല്‍ അവിവ്: താൽക്കാലിക വെടിനിർത്തലിന്റെ ഒന്നാംദിനം വിജയകരം. 13 ഇസ്രായേലികൾ ഉൾപ്പെടെ 24 ബന്ദികളെ ഹമാസും 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി. വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള മികച്ച അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കൂടുതൽ ബന്ദികളെ കൈമാറി സമഗ്ര വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുവിഭാഗത്തോടും ലോകരാജ്യങ്ങൾ നിർദേശിച്ചു.
വെടിനിർത്തൽ കരാർ പ്രകാരമുള്ള 13 ഇസ്രായേലികൾക്കു പുറമെ 11 തായ്‍ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പിനോയേയുമാണ് ഹമാസ് വിട്ടയച്ചത്. ഇവരെ റെഡ് ക്രോസ് ഏറ്റുവാങ്ങി ഈജിപ്തിലെ റഫ അതിർത്തിവഴി ഇസ്രായേലിന് കൈമാറി. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചത്. പകരം 39 ഫലസ്തീനി തടവുകാരെയാണ് ഇസ്രായേൽ വിട്ടയച്ചത്. കിഴക്കൻ ജറൂസലെം, വെസ്റ്റ് ബാങ്കിലെ നബ്ലൂസ്, റാമല്ല എന്നിവിടങ്ങളിലെ 24 സ്ത്രീകളും 15 കൗമാരക്കാരുമാണ് ഇസ്രായേല്‍ ജയിലുകളിൽനിന്നും പുറത്തെത്തിയ ഫലസ്തീനികൾ. വർഷങ്ങളായി ഇസ്രായേലി ജയിലിൽ കഴിഞ്ഞ ഇവരുടെ കുടുംബവുമൊത്തുള്ള പുനഃസമാഗമം ഏറെ വികാരപരമായിരുന്നു.
48 നാളുകൾ വെടിയൊച്ചകൾ ഉയർന്ന, പതിനായിരങ്ങൾ മരിച്ചുവീണ ഗസ്സ ആയിരുന്നില്ല ഇന്നലെ രാത്രിയിൽ.മരണത്തിനും വേദനയ്ക്കും പകരം സന്തോഷവും ആഹ്ളാദവും നിറഞ്ഞ രാവായിരുന്നു ഫലസ്തീനികൾക്കിത്. മലക് സൽമ, സാറ അബ്ദുല്ല എന്നിവരുൾപ്പെടെ വനിതകൾ ഫലസ്തീനിൽ എത്തിയപ്പോൾ ദൈവത്തെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം പ്രകമ്പനം കൊണ്ടു.
ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണ. ഇന്ന് കൈമാറേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക ഇരു വിഭാഗവും പരസ്പരം കൈമാറി. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ. നാല് ദിവസത്തെ താൽകാലിക വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി നിരവധി ട്രക്കുകൾ ഗസ്സയിലേക്കെത്തി. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ കൈമാറുമെന്ന ഈജിപ്ത് പ്രഖ്യാപനവും ഇന്നലെ നടപ്പായി. ആദ്യദിനം വ്യവസ്ഥകൾ പാലിക്കാനായതിൽ അമേരിക്കൻ പ്രസിഡന്‍റ് ബൈഡനും വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ആഹ്ളാദം പ്രകടിപ്പിച്ചു. സമഗ്ര വെടിനിർത്തൽ വേണമെന്ന ആവശ്യത്തോട് ഇസ്രായേൽ അനുകൂലമായി ഇനിയും പ്രതികരിച്ചിട്ടില്ല.