World
Hamas has sought financial and military aid from Iranian-led political-military alliance
World

യു.എൻ വഴിയുള്ള സഹായം മുടക്കാൻ യു.എസ്; പ്രതിരോധ സഖ്യത്തോട് സഹായം തേടി ഹമാസ്

Web Desk
|
28 Feb 2024 5:54 PM GMT

ഗസ്സയിൽ ആയിരക്കണക്കിന് ജനങ്ങൾ പട്ടിണി മരണ ഭീഷണിയിലാണ്

ഇസ്രായേലിന് സ്വയം പ്രതിരോധത്തിനായി സാമ്പത്തിക സഹായം നൽകാൻ ജോ ബൈഡൻ യുഎസ് കോൺഗ്രസിൽ ബില്ല് അവതരിപ്പിച്ചു. ഫലസ്തീൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്ന യുഎൻ ഏജൻസിക്കുള്ള ധനസഹായം നിരോധിക്കുന്നതുമാണ് ബിൽ. അതേസമയം, ഇറാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സൈനിക സഖ്യമായ ആക്‌സിസ് ഓഫ് റസിസ്റ്റൻസിനോട് ഹമാസ് സാമ്പത്തിക സൈനിക സഹായം തേടി. റമദാൻ ഒന്നിന് ഫലസ്തീനികളോട് അൽ അഖ്‌സ പള്ളിയിൽ സംഘടിക്കാനും ഹനിയ്യ ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയിൽ ആയിരക്കണക്കിന് ജനങ്ങൾ പട്ടിണി മരണ ഭീഷണിയിലാണ്. രണ്ട് കുട്ടികൾകൂടി പോഷകാഹാരക്കുറവ് മൂലം മരിച്ചു. കാലിത്തീറ്റയിൽ നിന്ന് ഉണ്ടാക്കിയ റൊട്ടി കഴിച്ച് രണ്ട് വയസ്സുള്ള കുട്ടിയും മരിച്ചു. ജോർദാൻ ഭക്ഷ്യവസ്തുക്കൾ എയർഡ്രോപ്പ് ചെയ്യുന്നുണ്ട്. ഫലസ്തീനികളെ മനഃപ്പൂർവം പട്ടിണിക്കിടുന്നത് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്നും ഖത്തർ അറിയിച്ചു. ഗസ്സയ്ക്ക് 200 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തറും ഫ്രാൻസും രംഗത്തെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഫ്രാൻസ് സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഗസ്സയിലേക്ക് ഭക്ഷണം എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കാണ് തുക ഉപയോഗിക്കുക. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.

അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ദൈർ അൽ ബലായിൽ അഞ്ച് പേരും ശെയ്ഖ് ഇൽജിനിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡും അറസ്റ്റും തുടരുകയാണ്. ജെനിനിലും ഹെബ്രോണിലുമായി 19 പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. ഇസ്രായേൽ-ലബനാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്. ഇസ്രായേൽ സേനയുടെ ഈസ്റ്റേൺ ബ്രിഗേഡ്‌സിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഹമാസ് വ്യോമാക്രമണം നടത്തി. തെക്കൻ ലബനാനിലെ നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടക്കുന്നത്.

അതേസമയം, ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഒരു നിർദേശവും ലഭിച്ചില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ വെടനിർത്തൽ ഉടനെ പ്രാബല്ല്യത്തിൽ വരുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. എന്നാൽ സമ്പൂർണ ജയം നേടുംവരെ യുദ്ധം തുടരാൻ നയതന്ത്ര പിന്തുണ തേടുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Similar Posts