World
ഇസ്രയേൽ - ഹമാസ് സംഘർഷം: അടിയന്തര സുരക്ഷാ യോഗം വിളിച്ച് ഐക്യരാഷ്ട്രസഭ
World

ഇസ്രയേൽ - ഹമാസ് സംഘർഷം: അടിയന്തര സുരക്ഷാ യോഗം വിളിച്ച് ഐക്യരാഷ്ട്രസഭ

Web Desk
|
8 Oct 2023 8:12 AM GMT

ഇസ്രയേലിനെ പൂർണമായും പിന്തുണച്ച് അമേരിക്കയും യൂറോപ്പും

ജനീവ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരും. പോരാട്ടം കടുത്തതിന് പിന്നാലെ രക്ഷാസമിതി ചേരണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നു. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുന്നത്. ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും, ചൈനയും രംഗത്ത് വന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു.

ഫലസ്തീനിന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് സർക്കാർ ഫലസ്തീൻ പ്രശ്നത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ശാശ്വതമായ സമാധാനത്തിനുള്ള വഴികൾ തേടണമെന്നും സമാധാന ചർച്ചകൾ പുനഃസ്ഥാപിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും ഫലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമന്ന് ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്ന ഇസ്രയേലിനെതിരായ വിമർശനവും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്.

അതേസമയം, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത് വന്നു. ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.

Similar Posts