ഗസ്സയിൽ 10 ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹമാസ്
|അൽ ഫലൂജയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചത്.
ഗസ്സ: ഗസ്സയിൽ 10 ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്. അൽ ഫലൂജയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേൽ സൈന്യവും അൽ ഖസ്സാം ബ്രിഗേഡും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 10 പേരെയും പോയിന്റ് ബ്ലാങ്കിലാണ് കൊലപ്പെടുത്തിയതെന്ന് അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സൈനികരെ കൊലപ്പെടുത്തി മറയുന്ന രീതി ഇസ്രായേലിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
കൂടുതൽ സഹായം വേണമെന്ന് ഇസ്രായേൽ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. സൈനിക സഹായമായി ടാങ്ക് ഷെല്ലുകൾ ഇസ്രായേലിന് കൈമാറാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിരുന്നു. അതിനിടെ വെടിനിർത്തൽ വേണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റേണിയോ ഗുട്ടറസ് പറഞ്ഞു. വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എ.ഇ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.