World
ceasefire talk gaza

പ്രതീകാത്മക ചിത്രം

World

ഖത്തറിൽ തുടരുന്ന വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന്​ ഹമാസ്

Web Desk
|
21 March 2024 12:55 AM GMT

സൈനികപരാജയം മറച്ചുപിടിക്കാനാണ്​ സിവിലിയൻ സമൂഹത്തിനും കേന്ദ്രങ്ങൾക്കുമെതിരെ ഇസ്രായേൽ ക്രൂരമായ ആക്രമണം തുടരുന്നതെന്നും ഹമാസ്​ കുറ്റപ്പെടുത്തി

തെല്‍ അവിവ്: ഖത്തറിൽ തുടരുന്ന വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന്​ ഹമാസ്​. സൈനികപരാജയം മറച്ചുപിടിക്കാനാണ്​ സിവിലിയൻ സമൂഹത്തിനും കേന്ദ്രങ്ങൾക്കുമെതിരെ ഇസ്രായേൽ ക്രൂരമായ ആക്രമണം തുടരുന്നതെന്നും ഹമാസ്​ കുറ്റപ്പെടുത്തി. റഫക്കു നേരെയുള്ള ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ഇസ്രായേൽ വ്യക്തമാക്കി. അൽശിഫ ആശുപത്രിക്കു നേരെയുള്ള ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടു. ജെനിൻ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ മൂന്ന്​ ഫലസ്​തീൻകാർ കൊല്ലപ്പെട്ടു. സഹായം തടയുന്നത്​ യുദ്ധക്കുറ്റമാണെന്ന്​ യു.എൻ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി അടുത്ത ദിവസം ഇ​സ്രായേലിൽ എത്തും.

മൂന്നു ദിവസങ്ങളിലായി ഖത്തറിൽ തുടരുന്ന ചർച്ചയോട്​ നിഷേധാത്​മക നിലപാടാണ്​ ഇസ്രായേൽ സ്വീകരിക്കുന്നതെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. സമഗ്ര പ്രശ്​നപരിഹാര ഫോർമുലയാണ്​ മധ്യസ്​ഥ രാജ്യങ്ങൾക്കു മുമ്പാകെ തങ്ങൾ സമർപ്പിച്ചതെന്നും എന്നാൽ അനാവശ്യ കടുംപിടിത്തത്തിലൂടെ വെടിനിർത്തൽ സാധ്യത ഇല്ലാതാക്കുകയാണ്​ ഇസ്രായേലെന്നും ​അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണം അവസാനിപ്പിക്കുക, സൈന്യം പിൻമാറുക, പുറന്തള്ളിയവരെ തിരിച്ചെത്താൻ അനുവദിക്കുക എന്നീ ന്യായമായ ആവശ്യങ്ങളാണ്​ തങ്ങൾ ഉന്നയിക്കുന്നതെന്നും ഹമാസ്​ വിശദീകരിച്ചു. സൈനിക പരാജയത്തിന്​ മറയിടാനാണ്​ അൽ-ശിഫ ആശുപത്രിക്കെതിരായ നടപടിയും വടക്കൻ ഗസ്സക്ക്​ സഹായം നിഷേധിക്കുന്നതെന്നുമാണ്​ ഹമാസി​​ന്‍റെ കുറ്റപ്പെടുത്തൽ. റഫക്കു നേരെയുള്ള ആക്രമണം ഹമാസിനെ അമർച്ച ചെയ്യുന്നതിൽ നിർണായകമാണെന്നും ഇക്കാര്യം അമേരിക്കൻ പ്രസിഡന്‍റ്​ ബൈഡനെ ബോധ്യപ്പെടുത്തിയെന്നും നെതന്യാഹു പറഞ്ഞു.

അൽ-ശിഫ ആശുപത്രിയിൽ മൂന്നാം നാളിലും തുടർന്ന ആക്രമണത്തിലൂടെ കൂടുതൽ പേർ കൊല്ലപ്പെട്ടു. സമീപത്തെ പല താമസ കെട്ടിടങ്ങളും ഇസ്രായേൽ ബോംബിട്ടു തകർത്തു. ആശുപത്രിയിൽ അകപ്പെട്ടവർക്ക്​ ഇസ്രായേൽ ഭക്ഷണം പോലും നിഷേധിക്കുകയാണ്​. വടക്കൻ ഗസ്സയിലേക്ക്​ ഭക്ഷ്യസഹായത്തിന്​ ഏർപ്പെടുത്തിയ ഇസ്രായേൽ വിലക്ക്​ തുടരുകയാണ്​. കഴിഞ്ഞ ഒരാഴ്​ച മാത്രം ഭക്ഷ്യവിതരണത്തിലും മറ്റും ഏർപ്പെട്ട നൂറിലേറെ ജീവനക്കാരെയാണ്​ ഇസ്രായേൽ സേന വധിച്ചതെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിന്നിട്ട 24 മണിക്കൂറിനിടയിൽ 104 ഫലസ്​തീൻകാർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 31,923 ആയി. ജെനിൻ അഭയാർഥി ക്യാമ്പിനു സമീപം കാറിൽ സഞ്ചരിച്ച മൂന്ന്​ യുവാക്കളെ ഇസ്രായേൽ കൊലപ്പെടുത്തി. ഒരാൾക്ക്​ ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്​കരിക്കാൻ ഒത്തുചേർന്നവർക്കു നേരെയും വെടിവെപ്പുണ്ടായി

ഗസ്സയിൽ സഹായം എത്തിക്കുന്നതുപോലും ഇസ്രായേൽ മുടക്കുന്നത് യുദ്ധക്കുറ്റമാണെന്ന് യു.എൻ കുറ്റപ്പെടുത്തി. ലക്ഷങ്ങൾ ഏറ്റവും കടുത്ത പട്ടിണിയാണ് അനുഭവിക്കുന്നതെന്നും യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾകർ ടർക് പറഞ്ഞു. ഇസ്രായേലിനുളള ആയുധവിതരണം നിർത്തിയ കാനഡയുടെ തീരുമാനത്തെ മനുഷ്യാവകാശ പ്രവർത്തകർ അഭിനന്ദിച്ചു.

Similar Posts