'ഈ രക്തം നമ്മുടെ പോരാട്ടവീഥിയെ പ്രഭാപൂരിതമാക്കും; ഖുദ്സ് തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുംവരെ പോരാട്ടം തുടരും'
|''ഹമാസിന്റെ സ്ഥാപക നേതാക്കളും രക്തസാക്ഷികളും നെഞ്ചേറ്റിയ കരാറുകളുടെ പൂർത്തീകരണവുമായി നാം മുന്നോട്ടുപോകും. നമ്മുടെ ജനതയുടെ സമ്പൂർണവിമോചനത്തിനും തിരിച്ചുവരവിനും ഫലസ്തീന്റെ മണ്ണിലും അൽഖുദ്സ് തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കും വരെ ഈ പോരാട്ടം തുടരും.''
യഹ്യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് പുറത്തുവിട്ട മുതിര്ന്ന നേതാവ് ഖലീൽ അൽഹയ്യയുടെ വിഡിയോ സന്ദേശം മലയാളത്തിൽ വായിക്കാം
(ദൈവത്തോട് ചെയ്ത കരാർ പാലിച്ച ചിലർ സത്യവിശ്വാസികളിലുണ്ട്. അവരിൽ ചിലർ തങ്ങളുടെ നേർച്ച പൂർത്തിയാക്കി(രക്തസാക്ഷിത്വം വരിച്ചു). മറ്റു ചിലർ അവരുടെ ഭാഗധേയം കാത്തിരിക്കുകയാണ്. അവർ(തങ്ങളുടെ പ്രതിജ്ഞയിൽ) ഒട്ടും മാറ്റം വരുത്തിയിട്ടില്ല-വിശുദ്ധ ഖുർആൻ)
ഏറെ അഭിമാനത്തോടെ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ്, ഫലസ്തീൻ ജനതയെയും, ലോകമെമ്പാടുമുള്ള സമുദായാംഗങ്ങളെയും, മുഴുവൻ സ്വാതന്ത്ര്യ വിമോചനസമര പോരാളികളെയും, ജീവിതത്തിലുടനീളം ഉജ്വലമായ ധീരതയും ആഭിജാത്യവും വച്ചുപുലർത്തിയ ഒരു മഹാമനുഷ്യന്റെ വേർപാടിനെക്കുറിച്ച വാർത്ത ഞങ്ങൾ അറിയിക്കുന്നു.
ഫലസ്തീനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച, സ്വന്തം മണ്ണിന്റെ വിമോചനത്തിനായി ദൈവമാർഗത്തിൽ തന്റെ ആത്മാവ് സമർപ്പിച്ച ഒരു മനുഷ്യൻ ദൈവത്തോടുള്ള കരാറിൽ അദ്ദേഹം തികഞ്ഞ സത്യസന്ധത പുലർത്തിയിരിക്കുന്നു. ദൈവം അദ്ദേഹത്തെ തന്റെ മുൻഗാമികളായ രക്തസാക്ഷികളിൽ ഒരാളായി തിരഞ്ഞെടുത്തു:
ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവനും 'തൂഫാനുൽ അഖ്സ'യുടെ നേതാവുമായ ധീരരക്തസാക്ഷി സഹോദരൻ യഹ്യ സിൻവാറിന്റെ(അബൂ ഇബ്രാഹീം) വേർപാട് ഞങ്ങൾ ലോകത്തെ അറിയിക്കുന്നു.
അദ്ദേഹം വീരനായകത്വത്തിലൂടെയാണ് രക്തസാക്ഷിയായത്. ഒട്ടും പിന്തിരിയാതെ എപ്പോഴും മുന്നോട്ടുകുതിച്ച്, തന്റെ കൈയിലുള്ള ആയുധം ഉയർത്തിപ്പിടിച്ച്, പോരാട്ടത്തിന്റെ മുൻനിരയിൽ അധിനിവേശസേനയുമായി ഏറ്റുമുട്ടി ഗസ്സയുടെ ഭൂമികയിൽ സ്ഥൈര്യത്തോടെ ഉറച്ചുനിന്ന് എല്ലാ യുദ്ധമുന്നണികളിലൂടെയും സഞ്ചരിച്ച്, ഫലസ്തീൻ മണ്ണിനും മസ്ജിദുൽ അഖ്സയ്ക്കും പ്രതിരോധകവചം തീർത്ത്, മുഴുവൻ പോരാളികളിലും സഹനത്തിന്റെയും സ്ഥിരതയുടെയും ദൃഢതയുടെയും പ്രതിരോധ മനോഭാവം ഉണർത്തുന്നതിൽ എന്നെന്നും പ്രചോദനമായി നിലകൊണ്ടു.
പ്രിയപ്പെട്ട ജനങ്ങളേ, അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളേ, ലോകത്തിലെ സ്വാതന്ത്ര്യ സമര പോരാളികളേ,
രക്തസാക്ഷിയായ നമ്മുടെ നേതാവ് യഹ്യ സിൻവാർ ഒരു തികഞ്ഞ പോരാളിയായി ജീവിച്ചു. വളരെ ചെറുപ്പം മുതൽ ഹമാസിന്റെ പോരാട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് പ്രസ്ഥാനത്തിനു തന്റേതായ വഴി തെളിച്ചു. തുടർന്ന് നീണ്ട 23 വർഷക്കാലം സയണിസ്റ്റ് തടവറയിലായിരുന്നപ്പോഴും പിന്നീട് ജയിൽമോചിതനായതിനുശേഷവും വിമോചനപോരാട്ട മാർഗത്തിൽ തന്റെ സംഭാവനകളർപ്പിച്ചു. അദ്ദേഹത്തിന്റെ കുറ്റമറ്റ ആസൂത്രണ മികവും നിലക്കാത്ത പോരാട്ടവീര്യവും തുടർന്നുപോന്നു.
2023 ഒക്ടോബർ 7ന്, മഹത്തായ 'തൂഫാനുൽ അഖ്സ' ദിനത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദത്തിളക്കമുണ്ടായിരുന്നു. ആ ദിവസം സയണിസ്റ്റ് രൂപത്തിന്റെ ആഴങ്ങളിറങ്ങി അധിനിവേശ രാജ്യത്തെ വിറപ്പിക്കുകയും പിടിച്ചുകുലുക്കുകയും അതിന്റെ വ്യാജ സുരക്ഷയുടെ ദൗർബല്യങ്ങൾ ലോകത്തിനുമുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു അദ്ദേഹം. പിന്നീട് നമ്മുടെ ജനതയുടെയും പോരാളികളുടെയും ഇതിഹാസസമാനമായ സ്ഥൈര്യവും പ്രതിരോധവും ധീരതയും അപരാജിതമായി തുടരുന്നതാണ് നാം കണ്ടത്.
ഒടുവിൽ അദ്ദേഹം ഏറ്റവും ഉന്നതമായ പദവിയും ഉയർന്ന ബഹുമതിയും നേടി തന്റെ നാഥന്റെ സാന്നിധ്യത്തിലേക്ക് രക്തസാക്ഷിയായി ഉയർത്തപ്പെട്ടിരിക്കുന്നു; തന്റെ പോരാട്ടത്തിലും ആ മാർഗത്തിലർപ്പിച്ച സംഭാവനകളെയും കുറിച്ച് ഏറെ സംതൃപ്തനായിക്കൊണ്ട് തന്നെ.
പ്രിയ നേതാവ് യഹ്യ സിൻവാറിന്റേത് മുൻഗാമികളുടെ രക്തസാക്ഷിത്വത്തിന്റെ തുടർച്ചയായിരുന്നു. ഹമാസിന്റെ സ്ഥാപക നേതാവ് ധീരരക്തസാക്ഷി ശൈഖ് അഹ്മദ് യാസീൻ, ഡോ. അബ്ദുൽ അസീസ് റൻതീസി, മുഖാദിമ, അബൂഷനബ്, ജമാൽ മൻസൂർ, ജമാൽ സലീം, ഇസ്മാഈൽ ഹനിയ്യ, ശൈഖ് സാലിഹ് അൽഅറൂരി തുടങ്ങി മുഴുവൻ നേതാക്കളുടെയും അവരുടെ മക്കളുടെയും ഫലസ്തീൻ പൗരന്മാരുടെയും ഇടയിൽനിന്നുള്ള ധീരരക്തസാക്ഷികളുടെ നീണ്ട നിരയിലെ കണ്ണിയാണദ്ദേഹം.
ഈ രക്തം നമ്മുടെ പോരാട്ടത്തിന്റെ വഴികളെ കൂടുതൽ പ്രകാശപൂരിതമാക്കും. വർധിച്ച വീര്യവും സ്ഥൈര്യവും പ്രചോദനവുമായിത്തീരുമെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ഹമാസിന്റെ സ്ഥാപക നേതാക്കളും രക്തസാക്ഷികളും നെഞ്ചേറ്റിയ കരാറുകളുടെ പൂർത്തീകരണവുമായി നാം മുന്നോട്ടുപോകും. നമ്മുടെ ജനതയുടെ സമ്പൂർണവിമോചനത്തിനും തിരിച്ചുവരവിനും ഫലസ്തീന്റെ മണ്ണിലും അൽഖുദ്സ് തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കും വരെ ഈ പോരാട്ടം തുടരും. നമ്മുടെ മണ്ണിലെ അധിനിവേശകരായ അക്രമികൾക്ക് അതൊരു ശാപമായി മാറും.
പ്രിയപ്പെട്ടവരേ, അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളേ, ലോകത്തിന്റെ എല്ലാ കോണിലുമുള്ള സ്വാതന്ത്ര്യ സമര പോരാളികളേ,
സഹോദരൻ യഹ്യ സിൻവാറിന്റെ അഭിമാനകരമായ രക്തസാക്ഷിത്വവും അദ്ദേഹത്തെ മുൻഗാമികളായ ഈ പ്രസ്ഥാനത്തിലെ ആദരണീയരായ നേതാക്കളുടെയും അതുല്യമായ രക്തസാക്ഷിത്വവുമെല്ലാം ഹമാസിനും നമ്മുടെ പ്രതിരോധത്തിനും കൂടുതൽ ശക്തിയും ദൃഢതയും നിശ്ചയദാർഢ്യവും മാത്രമാണ് പ്രദാനം ചെയ്യുക. അവരുടെ പാതയിൽ സ്ഥൈര്യത്തോടെ മുന്നോട്ടുപോകാനും അവരുടെ രക്തത്തോടും ത്യാഗങ്ങളോടും സമർപ്പണത്തോടും വിശ്വസ്തത പുലർത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സ്വന്തം ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നേതാക്കളെയും മക്കളെയും ഈ മാർഗത്തിൽ രക്തസാക്ഷികളായി സമർപ്പിക്കുന്ന ഒരു പ്രസ്ഥാനം തീർച്ചയായും അഭിമാനകരവും ആധികാരികവുമായ ഒരു സംഘമാണ്. ഹമാസ് എന്ന പ്രസ്ഥാനം ഈ ജനതയിൽ ആഴത്തിൽ വേരുറച്ചതാണ്.
പ്രിയപ്പെട്ട ഫലസ്തീൻ സഹോദരങ്ങളെ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളേ, ലോകമെമ്പാടുമുള്ള വിമോചനപ്പോരാളികളേ,
പ്രതിരോധ സംഘത്തിന്റെ (ഹമാസിന്റെ) കൈവശമുള്ള അധിനിവേശ തടവുകാരെക്കുറിച്ച് വിലപിക്കുന്നവരോട് ഞങ്ങൾ പറയുന്നു: നിങ്ങൾ ഗസ്സയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കുകയും അവിടെനിന്ന് എത്രയും പെട്ടെന്ന് പൂർണമായും പിൻവാങ്ങുകയും ചെയ്യുക. ഇസ്രായേൽ ജയിലുകളിൽനിന്ന് നമ്മുടെ ധീരരായ തടവുകാരെ മോചിപ്പിക്കുക. എങ്കിൽ മാത്രമേ ബന്ദികൾ നിങ്ങളിലേക്ക് തിരിച്ചുവരികയുള്ളൂ.
ഹമാസിന്റെ വഴിയേ ഞങ്ങൾ മുന്നോട്ടുപോകും, അൽഅഖ്സ പ്രളയത്തിന്റെ ആത്മാവ് നമ്മുടെ ജനങ്ങളുടെ മനസ്സിൽ ചൈതന്യത്തോടെ കത്തുന്ന ഒരു ജ്വാലയായി തുടരും. പ്രിയ അബൂ ഇബ്രാഹീം (യഹ്യ സിൻവാർ), താങ്കളോടുള്ള ഞങ്ങളുടെ പ്രതിജ്ഞ ഞങ്ങൾ എന്നെന്നും നിലനിർത്തും. താങ്കൾ ഉയർത്തിയ പതാക വീഴാൻ ഞങ്ങളനുവദിക്കില്ല. അത് ഉയർന്നുപാറിക്കൊണ്ടേയിരിക്കും.
താങ്കളുടെ ആത്മാവിന് ശാന്തി. അബൂ ഇബ്രാഹീം, സാത്വികനും ദൈവഭക്തനുമായ മനുഷ്യാ, താങ്കൾക്കു ശാന്തിയും സമാധാനവും നേരുന്നു. തടവുകാരനായിരിക്കെ താങ്കൾ അനുഭവിച്ച ശാന്തത, പോരാളിയായിരിക്കെ താങ്കൾ കൈവരിച്ച ശാന്തത, ഇപ്പോഴിതാ രക്തസാക്ഷിയായിരിക്കെയും താങ്കളെ പൊതിഞ്ഞിരിക്കുന്നു.
താങ്കൾക്കു വീണ്ടും സമാധാനം നേരുന്നു. വിമോചനപോരാട്ടത്തിന്റെയും ഇസ്രായേൽ സയണിസ്റ്റ് അധിനിവേശത്തിന്റെ അന്ത്യത്തിന്റെയും ആദ്യ വരി താങ്കളാണ് എഴുതിയതെന്ന് ചരിത്രം രേഖപ്പെടുത്തും.
പടച്ചവൻ താങ്കളോട് കരുണ കാണിക്കട്ടെ.. പ്രവാചകന്മാരോടും സത്യസന്ധരോടും രക്തസാക്ഷികളോടും നീതിമാന്മാരോടുമൊപ്പം ഉന്നതമായ സ്വർഗത്തിൽ താങ്കളെ പാർപ്പിക്കട്ടെ... എത്ര നല്ല കൂട്ടുകാരാണവർ!.
ഇത് ഒരു പോരാട്ടമാണ്, ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം.
വിവർത്തനം: ഷംസീർ എ.പി