World
Hamas Vice President Saleh Al-Aruri and Issuddin Qassam Brigade Spokesman Abu Obaida describe the

അബൂ ഉബൈദ, സാലിഹ് അല്‍ ആറൂരി

World

'കരയുദ്ധത്തിനു വന്നാൽ ഇസ്രായേൽ വിവരമറിയും'- 'തൂഫാൻ അൽഅഖ്സ' ദൗത്യം വിവരിച്ച് ഹമാസ് നേതാക്കള്‍

Web Desk
|
13 Oct 2023 12:23 PM GMT

''സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുതെന്നതുള്‍പ്പെടെയുള്ള ഇസ്‌ലാമിക ശാസനകള്‍ യുദ്ധങ്ങളിൽ പാലിക്കാൻ ഖസ്സാം പോരാളികൾക്ക് തുടക്കം മുതൽ നിർദേശം നൽകിയിട്ടുണ്ട്.''

'തൂഫാൻ അൽഅഖ്സ' എന്നു പേരിട്ട പുതിയ പോരാട്ടത്തെക്കുറിച്ച് ഹമാസ് വൈസ് പ്രസിഡന്റ് സാലിഹ് അൽആറൂരിയും ഇസ്സുദ്ദീൻ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂഉബൈദയും ചേർന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിച്ചിരുന്നു. ആക്രമണത്തിനു പിന്നിലെ പ്രകോപനം മുതൽ, അതിനു വേണ്ടി നടത്തിയ മുന്നൊരുക്കങ്ങളും ഭാവി പദ്ധതികളുമെല്ലാം വിശദമാക്കുന്നുണ്ട് വാർത്താ സമ്മേളനത്തിൽ ഇരുവരും. വർഷങ്ങളെടുത്ത് നടത്തിയ ആസൂത്രണവും അതിനു വേണ്ടിയുള്ള സജ്ജീകരണവും വിവരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വ്യാജവാർത്തകളുടെ വേരറുക്കുകയും ചെയ്യുന്നുണ്ട് ഇതിൽ.

സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുത്, ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഹാനിയുണ്ടാക്കരുതെന്നതുൾപ്പെടെയുള്ള കൃത്യമായ മതശാസനകൾ ഖസ്സാം പോരാളികൾക്ക് തുടക്കംമുതൽ നൽകിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു. ഒടുവിൽ, കരയുദ്ധത്തിനു വന്നാൽ ശരിക്കും വിവരമറിയുമെന്ന മുന്നിയിപ്പുകൂടി നൽകിയാണ് സാലിഹ് അൽആറൂരിയും അബൂ ഉബൈദയും സംസാരം അവസാനിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിലെ പ്രസക്തഭാഗം:

ഞങ്ങൾ പോരാടുന്നത് ഏറ്റവും പവിത്രമായ ഒരു പ്രശ്‌നത്തിലാണ്; അൽഅഖ്സ അധിനിവേശം അവസാനിപ്പിക്കലും അതിന്റെ പേരിൽ തടവിലാക്കപ്പെട്ടവരുടെ വിമോചനവും. 2021ലെ സൈഫുൽ ഖുദ്‌സ് പോരാട്ടത്തിന്റെ തുടർച്ചയാണ് ഈ പോരാട്ടം. അധിനിവേശ ശത്രുവിനെ മുട്ടുകുത്തിക്കാൻ ഞങ്ങൾ അൽപം പോലും സമയം കളയാതെ പണിയെടുത്തിട്ടുണ്ട്. പോരാട്ടത്തിന് വേണ്ട മുഴുവൻ ഭൂമിശാസ്ത്ര, പരിസ്ഥിതി, സാമ്പത്തിക പഠനങ്ങളും നിരീക്ഷണവും പൂർത്തിയാക്കി. ശത്രുവിന്റെ സന്നാഹങ്ങളും വിഭവങ്ങളും എന്തൊക്കെയാണെന്ന് കൃത്യമായി പഠിച്ചെടുത്തു. ചെറുത്തുനിൽപ്പിന്റെ മിത്രങ്ങളുടെയും അനുഭാവികളുടെയും വിഭവസാധ്യതകളും പഠനവിധേയമാക്കി. ഗസ്സയിൽ ഉപരോധത്തിനും കൊലപാതകങ്ങൾക്കും കുഴപ്പങ്ങൾക്കും ഉത്തരവാദികളായ അധിനിവേശസേനയുടെ 'ഗാസ ഡിവിഷൻ' ആക്രമിക്കപ്പെട്ടതാണ് അടിസ്ഥാന പദ്ധതി.

യഹൂദരുടെ ഒരു ആഘോഷകാലം ഒക്ടോബർ ഏഴ് ശനിയാഴ്ച അവസാനിച്ച ഉടനെ ഗസ്സയിൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ അധിനിവേശസേന പദ്ധതിയിട്ടതിനെക്കുറിച്ചു വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഖസ്സാം ബ്രിഗേഡ് തങ്ങളുടെ ആക്രമണ പദ്ധതി മുൻകൂട്ടി നടപ്പാക്കുകയായിരുന്നു. 2022 മുതൽ ശത്രുവിന്റെ ശ്രദ്ധ തെറ്റിക്കുന്ന പദ്ധതികൾ രംഗത്തുണ്ടായിരുന്നു. ചെറുത്തുനിൽപ്പിന്റെ ഏത് ചലനവും നിരീക്ഷിക്കുന്നതിൽനിന്ന് ശത്രുവിനെ അന്ധരാക്കുന്നതിന് അവരുടെ നിരീക്ഷണ ടവറുകൾ, പ്രക്ഷേപണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ താറുമാറാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

3,500 റോക്കറ്റുകളും ഷെല്ലുകളും അടങ്ങുന്ന ഫയർ സപ്പോർട്ട് പ്ലാൻ തയ്യാറാക്കി. ഗസ്സയെ എൻവലപിൽനിന്ന് വേർതിരിക്കുന്ന മതിലിൽ വിള്ളലുകൾ തീർത്തു. 1,000 മിസൈലുകളുമായി ഗാസ ഡിവിഷനു പുറത്ത് സേനയുടെ സപ്പോർട്ട് നിലയുറപ്പിച്ചു. 3,000 പോരാളികളെ യുദ്ധത്തിനും 1,500 പേരെ പിന്നണിയായും ഉപയോഗിക്കുന്നു.

സിവിലിയന്മാരെയും സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും കൊല്ലരുത്, ജനങ്ങളുടെ സാധാരണ ജീവിതത്തിന് ഹാനി വരുത്തരുത് തുടങ്ങിയ ഇസ്‌ലാമിക നിർദേശങ്ങൾ യുദ്ധങ്ങളിൽ പാലിക്കാൻ ഖസ്സാം പോരാളികൾക്ക് തുടക്കം മുതൽ നിർദേശം നൽകിയിട്ടുണ്ട്. യുദ്ധം ചെയ്യുന്നത് അധിനിവേശസേനയോടും സയണിസ്റ്റ് ഭീകരരോടും മാത്രമാണെന്ന വ്യക്തതയും ഹമാസ് പോരാളികൾക്കുണ്ട്.

ഗാസ ഡിവിഷനുമായുള്ള പോരാട്ടം മണിക്കൂറുകളോളം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഡിവിഷനും തകർന്നത് ഖസ്സാം പോരാളികളെ അത്ഭുതപ്പെടുത്തി. ഊതിവീർപ്പിച്ച പൊള്ള ബലൂണാണ് അധിനിവേശസേനയെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഓപ്പറേഷൻ. ഡിവിഷൻ കമാൻഡ് സെന്റർ, വിമാനത്താവളം, കീപോസ്റ്റുകൾ എല്ലാം എളുപ്പം കീഴടക്കി. കുറച്ചു സൈനികർ ഓടിപ്പോയി, കുറച്ചുപേർ കൊല്ലപ്പെട്ടു. പലരും പിടിക്കപ്പെട്ടു. ഗസ്സക്കും ഗസ്സ എൻവലപ് കയ്യേറ്റഭൂമിക്കും ഇടക്കുള്ള കയ്യേറ്റമതിൽ തകർന്നു.

സൈനികകേന്ദ്രം കീഴടക്കിയത് അറിഞ്ഞപ്പോൾ ഗസ്സയിലെ ജനങ്ങൾ അധിനിവേശഭൂമിയിലേക്ക് ആർത്തുകയറുകയും അവിടെ ചില അരാജകത്വങ്ങൾ ഉണ്ടാകുകയും ചെയ്തു. ചില ഖസ്സാം പോരാളികൾ സെറ്റിൽമെന്റുകളിലെ ചില സുരക്ഷാ ഗാർഡുകളുമായും തോക്കുധാരികളുമായും ഏറ്റുമുട്ടാൻ നിർബന്ധിതരായി. ഇതാണ് പോരാട്ടത്തെ സംബന്ധിച്ച് അവിടെ ചില അപ്രതീക്ഷിത മരണങ്ങൾക്ക് കാരണമായത്. ഹമാസ് ഒരിക്കലും സിവിലിയന്മാരെയോ തടവുകാരെയോ ഉപദ്രവിക്കില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നവരാണ്.

ഫലസ്തീൻ ചെറുത്തുനിൽപ്പ് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി ആരോപിക്കുന്ന അമേരിക്കയും യൂറോപ്പും പലസ്തീൻ ഭൂമി സയണിസ്റ്റുകൾക്ക് കൈമാറിയ കുറ്റവാളികളാണ്. തങ്ങളുടെ കുറ്റകൃത്യം മറച്ചുവെക്കാനും അത് പ്രാകൃതവും കപടവും ക്രൂരവുമായി സംരക്ഷിക്കാനും അവർ നിർബന്ധിതരായിരിക്കുകയാണ്. കോടിക്കണക്കിന് ജനങ്ങൾ കുരുതിക്കിരയായ ഫാഷിസവും സയണിസവും സ്റ്റാലിനിസവുമെല്ലാം സൃഷ്ടിച്ചു ലോകത്തേക്ക് കയറ്റിവിടുന്ന പാശ്ചാത്യരാണ് ഞങ്ങളെ മനുഷ്യരാശിക്കെതിരാണെന്ന പച്ചക്കള്ളം ആരോപിക്കുന്നത്.

അധിനിവേശസേനയുടെ പരാജയത്തിന്റെ ജാള്യത മറയ്ക്കാൻ അവർ പതിവുപോലെ സാധാരണക്കാരെ ലക്ഷ്യം വെക്കുകയാണ്. അതാണ് ഗസ്സയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അധിനിവേശസേനയാണ് തടവുകാരെ വധിച്ചുകളയാൻ ശ്രമിക്കുന്നത്. പിടികൂടപ്പെടുന്ന സൈനികരെയും അവരെ പിടികൂടിയവരെയും വധിച്ചുകളയുന്ന 'ഹണി ബാൾ' സിദ്ധാന്തമാണവർ നടപ്പാക്കാൻ ശ്രമിക്കുന്നത്. നാലു സൈനികരും അവർക്ക് കാവൽ നിന്ന ഖസ്സാം പോരാളികളും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്. പിടികൂടപ്പെട്ട സൈനികരെ കൊന്നുകളയാൻ കൂടിയാണ് ഗസ്സയിലെ സകലകെട്ടിടങ്ങൾക്കും മുകളിൽ ബോംബിട്ട് നശിപ്പിക്കുന്നത്(പുതിയ റിപ്പോർട്ട് പ്രകാരം 13 സ്വന്തം സൈനികരെ സയണിസം ബോംബിട്ട് കൊന്നു).

പിടിയിലായ ഇസ്രായേൽ തടവുകാരുടെ കാര്യത്തിൽ ഹമാസിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. യുദ്ധം അവസാനിക്കുന്നതുവരെ ഈ ഫയൽ തുറക്കില്ല. പലസ്തീൻ തടവുകാരുടെ സ്വാതന്ത്ര്യത്തിന് വിലപേശാവുന്നത്രയും സൈനികർ ഇപ്പോൾ തടവിലുണ്ട്.

അധിനിവേശസേനയുടെ യൂനിഫോം ധരിച്ച് ഫലസ്തീനികളെ കൊല്ലുന്ന ആയുധധാരികളെയാണ് ഖസ്സാം പോരാളികൾ പിടികൂടിയിട്ടുള്ളത്. അവരിൽ അമേരിക്കക്കാരും ഫ്രാൻസുകാരും ഇറ്റലിക്കാരും ജർമനിക്കാരും ഉണ്ടെങ്കിൽ ഹമാസിനെ ഐ.എസുമായി താരതമ്യം ചെയ്തതുകൊണ്ട് നിങ്ങളുടെ പൊയ്മുഖം രക്ഷിക്കാനാവില്ല.

തൂഫാൻ അൽഅഖ്സ പോരാട്ടം എല്ലാ അച്ചുതണ്ടുകളിലും തുടരുകയാണ്. ഖസ്സാം ബ്രിഗേഡുകൾ പൂർണ്ണമായും സജ്ജരാണ്. ആക്രമണ പദ്ധതിയെക്കാൾ ശക്തമാണ് അവരുടെ പ്രതിരോധ പദ്ധതി. അതുകൊണ്ട് ഒരു കരയാക്രമണവുമായി അധിനിവേശസേന വന്നാൽ അവർ ശരിക്കും വിവരമറിയും.

പോരാട്ടത്തിന് സാധ്യമായ എല്ലാ ഒരുക്കങ്ങളും നടത്തുന്നതോടൊപ്പം ആത്യന്തികമായി അല്ലാഹുവിൽനിന്നുള്ള സഹായമാണ് വിജയം തീർക്കുകയെന്നതിൽ ഞങ്ങൾക്ക് ലവലേശം സംശയമില്ല.

മൊഴിമാറ്റം: ഡോ. സി.കെ അബ്ദുല്ല

Summary: Hamas Vice President Saleh Al-Aruri and Issuddin Qassam Brigade Spokesman Abu Obaida explain the 'Toofan Al-Aqsa' operation

Similar Posts