ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം: ബൈഡന്
|കൈറോയിൽ തുടരുന്ന മധ്യസ്ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം നിൽക്കുന്നത് ഹമാസാണെന്ന ബൈഡന്റെ കുറ്റപ്പെടുത്തൽ
ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന് ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
കൈറോയിൽ തുടരുന്ന മധ്യസ്ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം നിൽക്കുന്നത് ഹമാസാണെന്ന ബൈഡന്റെ കുറ്റപ്പെടുത്തൽ. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേൽ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്തമാക്കിയിരുന്നു.എന്നാൽ കൈറോയിലേക്ക് സംഘത്തെ അയക്കാൻ വിസമ്മതിക്കുന്ന ഇസ്രായേൽ ഗസ്സയിൽ ഫലസ്തീൻ ജനതയെ പട്ടിണിക്കിട്ട് കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. വെടിനിർത്തൽ കരാറിന് പാതയൊരുക്കാൻ ബന്ദിമോചനം നടപ്പാക്കണമെന്ന ആവശ്യം ഹമാസ് തള്ളി. ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമേ ബന്ദിമോചനത്തിന് തയാറാകൂ എന്നും ഹമാസ് നേതൃത്വം അറിയിച്ചു.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ അനിവാര്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍. റമദാനു മുമ്പ് കരാർ നടപ്പാക്കാൻ മധ്യസ്ഥ രാജ്യമായ ഖത്തറിനോട് യു.എസ് നേതൃത്വം നിർദേശിച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാൽ ഗൾഫ് മേഖല കൂടുതൽ പ്രക്ഷുബ്ധമാകുമെന്ന് മുസ്ലിം രാജ്യങ്ങളുടെ പൊതു കൂട്ടായ്മയായ ഒ.ഐ.സിയുടെ വദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന വംശഹത്യ എല്ലാ പരിധികളും ലംഘിച്ചതായും പ്രസ്താവനയിൽ ഒ.ഐ.സി മന്ത്രിമാർ കുറ്റപ്പെടുത്തി.
ഇസ്രായേൽ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സിന്റെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായി ഗാന്റ്സ് ചർച്ച നടത്തി. ഗസ്സയിൽ സഹായം എത്തിക്കാൻ ബദൽ മാർഗങ്ങൾ ആരായുമെന്ന് അമേരിക്കൻ നേതൃത്വം ഗാന്റ്സിനെ ധരിപ്പിച്ചു. സഹായ വിതരണത്തിന് യു.എസ് സൈനിക സഹായം ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചതായി പെന്റഗൺ വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം ഗസ്സയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും പെൻറഗൺ കൂട്ടിച്ചേര്‍ത്തു. വടക്കൻ ഗസ്സയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ ദുരിതത്തിലാണ്. ഭക്ഷ്യവസ്തുക്കളും മറ്റും എയർഡ്രോപ്പ് ചെയ്തതു കൊണ്ട് പ്രതിസന്ധി അവസാനിക്കില്ലെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു. അതിർത്തി മാർഗം കൂടുതൽ ട്രക്കുകൾ അയക്കുകയും താൽക്കാലിക വെടിനിർത്തൽ നടപ്പാക്കുകയുമാണ് പ്രധാനമെന്നും യു.എൻ ഏജൻസികൾ വ്യക്തമാക്കി.
ചെങ്കടലിൽ കേബിളുകൾക്ക് തകരാർ സംഭവിച്ചത് ആഗോള ഇന്റർനെറ്റിലും വാർത്താവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഹൂതികൾക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകൾക്ക് പ്രശ്നം നേരിട്ടത്. ഏഷ്യ-ആഫ്രിക്ക-യൂറോപ്-1, യൂറോപ്-ഇന്ത്യ ഗേറ്റ്വേ, സീകോം, ടി.ജി.എൻ-ഗൾഫ് എന്നീ കേബിളുകൾ തടസ്സം നേരിട്ടവയിൽപെടും. ചെങ്കടൽ വഴിയുള്ള ഇന്റർനെറ്റിന്റെ 25 ശതമാനത്തെ ബാധിക്കുന്നതാണ് നടപടി. തങ്ങള്‍ക്ക് നേരെയുള്ള മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ലബനാനിൽ ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രത്തിനു നേർക്ക് ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.