World
ceasefire

പ്രതീകാത്മക ചിത്രം

World

പാരീസ്​ ചർച്ചകളിൽ രൂപം നൽകിയ പുതിയ വെടിനിർത്തൽ നിർദേശം; ഹമാസ്​ നിലപാട്​ നിർണായകം

Web Desk
|
31 Jan 2024 1:17 AM GMT

നിർദേശം പഠിച്ചുവരികയാണെന്നും ചർച്ചകൾക്കായി കെയ്റോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി

തെല്‍ അവിവ്: പാരീസ്​ ചർച്ചകളിൽ രൂപം നൽകിയ പുതിയ വെടിനിർത്തൽ നിർദേശത്തിൽ ഹമാസ്​ നിലപാട്​ നിർണായകം. നിർദേശം പഠിച്ചുവരികയാണെന്നും ചർച്ചകൾക്കായി കെയ്റോയിലെ ത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി. ഗസ്സയിൽ നിന്ന്​ പിൻമാറില്ലെന്നും ആയിരക്കണക്കിന്​ ഫലസ്തീൻ തടവുകാരെ കൈമാറില്ലെന്നും നെതന്യാഹു പറഞ്ഞു. ചർച്ചകളിൽ ആശാവഹമായ പുരോഗതിയെന്ന്​ ഖത്തറും ഈജിപ്​തും അമേരിക്കയും അറിയിച്ചു.അതിനിടയില്‍ ഗസ്സയിൽ യുനർവ ഫണ്ട്​ തടഞ്ഞ നടപടി പുനഃപരിശോധിച്ചേക്കുമെന്ന സൂചന നൽകി യു.എൻ രക്ഷാസമിതിയിൽ അമേരിക്ക. യു.എസ്​ സൈനികരുടെ കൊലയിലെ പ്രതികാരം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് അമേരിക്കൻ പ്രസിഡന്‍റ്​ ബൈഡൻ.

ബന്ദികളുടെ മോചനം ലക്ഷ്യമിട്ടുള്ള ​വെടിനിർത്തൽ നിർദേശത്തോട്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ​ അനുകൂല നിലപാട്​ സ്വീകരിക്കുമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീർഘകാല വെടിനിർത്തൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ്​ സൈനിക, രാഷ്​ട്രീയ നേതാക്കൾ വ്യക്​തമാക്കുന്നതെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ചൊവ്വാഴ്ചയാണ് വെടിനിർത്തൽ നിർദേശം ലഭിച്ചതെന്ന്​ ഹമാസ്​ നേതൃത്വം അറിയിച്ചു. ഇസ്രായേൽ സൈനികനീക്കം അവസാനിപ്പിക്കലും ഗസ്സയിൽനിന്ന് അവരുടെ സമ്പൂർണ പിന്മാറ്റവുമാണ് ഹമാസിന്‍റെ ആദ്യ പരിഗണനയെന്നും ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റത്തിൽ ഉറച്ചു നിൽക്കുന്നതായി ഇസ്‍ലാമിക്​ ജിഹാദ്​ നേതാക്കൾ അറിയിച്ചു.

പാരിസിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ നിർദേശങ്ങൾക്ക് രൂപം നൽകിയത്. 45 ദിവസത്തേക്കുള്ള വെടിനിർത്തലാണ് പ്രധാന നിർദേശം. 35 ബന്ദികളെ ഒന്നാം ഘട്ടത്തിൽ വിട്ടയക്കുമ്പോൾ പകരം 4000ത്തോളം ഫലസ്തീനികളെയും വിട്ടയക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചതായാണ്​ വിവരം​. വെടിനിർത്തൽ അവസാനിക്കുന്നതോടെ ഹമാസിനെതിരെ സൈനികനീക്കം തുടരുമെന്ന് ഇസ്രായേൽ പറയു​മ്പോള്‍ അത് അംഗീകരിക്കില്ലെന്നാണ് ഹമാസ് വ്യക്​തമാക്കുന്നത്​. നെതന്യാഹുവി​ന്‍റെ കടുത്ത നിലപാടും വെടിനിർത്തൽ ചർച്ചകൾക്ക്​ തിരിച്ചടിയാണ്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അടുത്ത ദിവസം ഇസ്രായേലിൽ എത്തി നെതന്യാഹുവുമായും സൈനിക മേധാവികളുമായും ചർച്ച നടത്തും. അമേരിക്കൻ നേതാക്കളമായുള്ള ചർച്ചക്കായി സ്​ട്രാറ്റജിക്​ കാര്യങ്ങൾക്കുള്ള ഇസ്രായേൽ മന്ത്രി വാഷിങ്​ടണിലേക്ക്​ തിരിച്ചു. ഗസ്സയിൽ മാത്രമല്ല വെസ്​റ്റ്​ ബാങ്കിലും ഇസ്രായേൽ സൈന്യം ഫലസ്​തീൻ കുരുതി തുടരുകയാണ്​. ജെനിനിലെ ആശുപത്രിയിൽ ഡോക്ടർമാരുടെയും സ്ത്രീകളുടെയും വേഷമണിഞ്ഞ് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം കാലുകൾ തളർന്ന് ചികിത്സയിലായിരുന്ന യുവാവിനെയും സഹോദരനെയും സുഹൃത്തിനെയുമാണ്​ ഇന്നലെ വധിച്ചത്. ഗസ്സയിൽ 24 മണിക്കൂറിനിടെ 114 പേരെ ഇസ്രായേൽ സൈന്യം വധിച്ചു. 249 പേർക്ക് പരിക്കേറ്റു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,751 ആയി.

ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിക്കെതിരായ ആരോപണത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന്​ അമേരിക്കആവശ്യപ്പെട്ടു. അതേ സമയം ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ്​ നിലപാടെന്നും യു.എൻ രക്ഷാസമിതിക്കു മുമ്പാകെ അമേരിക്കൻ സംഘം വ്യക്​തമാക്കി. അമേരിക്കക്കൊപ്പം വിവിധ രാജ്യങ്ങൾ യുനർവക്കുള്ള ഫണ്ട്​ തടഞത്​ വലിയ പ്രതിസന്​ധിയാണ്​ സൃഷ്​ടിച്ചിരിക്കുന്നത്​. ജോർദാൻ,സിറിയ അതിർത്തിയൽ 3 യു.എസ്​ സൈനികരുടെ വധത്തിനിടയാക്കിയ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടി കരുതലോടെ മാത്രമെന്ന്​ സൂചന നൽകി യു.എസ്​ നേതൃത്വം. മേഖലായുദ്ധം ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചടി ഘട്ടം ഘട്ടമെന്നും വൈറ്റ്​ഹൗസ്​ പ്രതികരിച്ചു.

Related Tags :
Similar Posts