World
hamas
World

ഗസ്സയിൽ ഹമാസിന്റെ സാന്നിധ്യം ഒക്ടോബർ ഏഴിന് മുമ്പുള്ള അതേ നിലയിൽ തുടരുന്നുവെന്ന് റിപ്പോർട്ട്

Web Desk
|
27 April 2024 3:40 PM GMT

ഇസ്രായേലിന് നേ​​രെയുള്ള റോക്കറ്റാക്രമണം തുടരുകയാണ്

ഗസ്സയിൽ ഹമാസിന്റെ സാന്നിധ്യം ഒക്ടോബർ ഏഴിന് മുമ്പുള്ള അതേ നിലയിൽ തുടരുകയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിന് മുമ്പത്തെ അവസ്ഥയിലേക്ക് ഗസ്സയിലെ കാര്യങ്ങൾ വന്നെത്തിയിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുമെന്ന ഇസ്രായേൽ അവകാശവാദങ്ങൾ യാഥാർഥ്യമായില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ചയും ഗസ്സയിൽ നിന്ന് ഇസ്രായേലിന് നേരേ റോക്കറ്റാക്രമണം ഉണ്ടായി. ഇത് പ്രതിരോധ ശക്തികളുടെ സാന്നിധ്യം ഒക്ടോബർ ഏഴിന് മുമ്പത്തേത് പോലെയാണെന്നതിന് തെളിവാണെന്ന് ഇസ്രായേലിലെ ചാനൽ 13 റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചയിലുടനീളം ഇസ്രായേലിന് നേരേ റോക്കറ്റുകൾ വിക്ഷേപിച്ചു. നിർ ആം, അഷ്കെലോൺ, സ്ഡെറോട്ട്, ക്ഫാർ സിൽവർ, സികിം, മെഫാൽസിം എന്നിവിടങ്ങളിലെല്ലാം നിരന്തരം അപായ സൈറണുകൾ മുഴങ്ങി.

ഹമാസിനെയും അതിന്റെ ശേഷിപ്പുകളെയും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും സുരക്ഷ മന്ത്രി യോവ് ഗാലന്റിന്റെയും പ്രതിജ്ഞ. ഗസ്സക്കാരെ പൂർണമായും നീക്കിയ വടക്കൻ ഗസ്സയിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. വടക്കൻ ഗസ്സ ഇസ്രായേലി സൈന്യത്തിന്റെ അധീനതയിലാണെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ജനങ്ങൾ വടക്കൻ ഗസ്സയിലേക്ക് തിരിച്ചെത്തിയെന്നും ഹമാസിന്റെ സാന്നിധ്യം ഇവിടെ ഉണ്ടെന്നുമുള്ള വസ്തുതയാണ് റോക്കറ്റ് ആക്രമണം ​ ചൂണ്ടിക്കാട്ടുന്നത്.

റോക്കറ്റുകൾ വിക്ഷേപിക്കുക മാത്രമല്ല, യുദ്ധമുന്നണിയിലുള്ള ഇസ്രായേലി സൈനികരെ ഹമാസ് ലക്ഷ്യമിടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം ഇസ്രായേലി സൈനികനെ ഹമാസിന്റെ പോരാളി കൊലപ്പെടുത്തിയെന്നും ചാനൽ 13 റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുദ്ധം ആരംഭിച്ച് 204 ദിവസം പിന്നിട്ടിട്ടും ഇസ്രായേലിന് ബന്ദികളെ മോചിപ്പിക്കാനോ ഹമാസിനെ ഇല്ലാതാക്കാനോ സാധിച്ചിട്ടില്ല. ഇത് ഇസ്രായേലിന്റെ പരാജയമായിട്ടാണ് ഇസ്രായേലി മാധ്യമങ്ങൾ വിലയിരുത്തുന്നത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 32 ഫലസ്തീനികളാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 69 പേർക്ക് പരിക്കേറ്റു. ഇതുവരെ ആകെ കൊല്ലപ്പെട്ടത് 34,388 പേരാണ്. 77,437 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സെൻട്രൽ ഗാസയിലെ നുസെറാത്ത് ക്യാമ്പിൽ ശനിയാഴ്ച പുലർച്ചെ സ്ത്രീകളും കുട്ടികളുമടക്കം എട്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ ഗാസയിലെ അൽ-മുഗ്രഖ മേഖലയിലും ഇസ്രായേൽ പ്രതിരോധ സേന കനത്ത ബോംബാക്രമണം നടത്തി. റാഫയിലെ വീടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

Similar Posts