ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ് -വീഡിയോ
|രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 ഇസ്രായേൽ അധിനിവേശ സൈനികരാണ് കൊല്ലപ്പെട്ടത്
ഒക്ടോബർ 27ന് ഗസ്സയിൽ കരയാക്രമണം ആരംഭിച്ചശേഷം ഇസ്രായേലിന്റെ ഭാഗത്ത് ഏറ്റവും അധികം സൈനികർ കൊല്ലപ്പെട്ട ദിനമായിരുന്നു തിങ്കളാഴ്ച. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 24 ഇസ്രായേൽ അധിനിവേശ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ്.
ഇസ്രായേൽ എഞ്ചിനീയറിങ് യൂനിറ്റ് നിലകൊണ്ടിരുന്ന അൽ മഗാസി അഭയാർഥി ക്യാമ്പിലെ കെട്ടിടം തകർക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അൽ ഖസ്സാം അറിയിച്ചിരുന്നു. കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രായേലിന്റെ മെർക്കാവ ടാങ്ക് അൽ യാസീൻ 105 ഷെൽ ഉപയോഗിച്ച് തകർക്കുകയും ചെയ്തു.
സെൻട്രൽ ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ നിലകൊള്ളുന്ന കിബ്ബട്ട്സ് കിസുഫിമിന് സമീപമാണ് സംഭവമെന്ന് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. അതിർത്തിയിൽനിന്ന് 600 മീറ്റർ അകലെ ഫലസ്തീനികളുടെ വീടുകൾ പൊളിച്ച് ബഫർ സോൺ ഒരുക്കുന്നതിനിടെയാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികരുടെ മരണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷാ മന്ത്രി യോവ് ഗാലന്റ്, പൊലീസ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, പ്രതിപക്ഷ നേതാക്കളായ യെയർ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെല്ലാം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
യുദ്ധം 109 ദിവസം പിന്നിടുമ്പോഴും ഫലസ്തീൻ ജനത ഇസ്രായേൽ അധിനിവേശ സേനയുമായി സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് നടത്തുന്നത്. കഴിഞ്ഞദിവസം അൽ സെയ്തൂനിൽനിന്ന് ഇസ്രായേലിന്റെ രണ്ട് ആത്മഹത്യാ ഡ്രോണുകളടക്കം മൂന്ന് ഡ്രോണുകൾ പിടിച്ചെടുത്തതായി അൽ ഖസ്സാം അറിയിച്ചു. ജബലിയയുടെ കിഴക്കുനിന്ന് രഹസ്യാന്വേഷണം നടത്തുകയായിരുന്ന മെട്രിക്സ് 600 ഇസ്രായേലി ഡ്രോൺ പിടിച്ചെടുത്തതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഗസ്സയുടെ തെക്ക് പടിഞ്ഞാറ് ഇസ്രായേൽ സേനക്ക് നേരെ കാലിബർ മോർട്ടാർ റൗണ്ട് ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തി. കൂടാതെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഓസ്ട്രിയ ടവറിന് തെക്കുഭാഗത്തുള്ള തുർക്കിഷ് സെമിത്തേരിക്ക് ചുറ്റുമുണ്ടായിരുന്ന ഇസ്രായേൽ സൈനികർക്കും വാഹനങ്ങൾക്കും നേരെയും അൽബേനിയൻ മസ്ജിദിന് സമീപവും ഷെല്ലാക്രമണം നടത്തുകയുണ്ടായി. നഹൽ ഓസിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിന് നേരെ അൽ ഖുദ്സ് ബ്രിഗേഡ്സ്, അൽ അഖ്സ രക്തസാക്ഷി ബ്രിഗേഡ്സ്, അൽ അമൂദി ബ്രിഗേഡ്സ് എന്നിവ ചേർന്ന് സംയുക്ത ആക്രമണം അഴിച്ചുവിട്ടു.
#بالفيديو | مشاهد لطائرة "Matrix 600" والتي تم السيطرة عليها أثناء مهمة استخباراتية لها شرق #جباليا البلد.#طوفان_الأقصى pic.twitter.com/JYzqoTDKRn
— قناة الميادين (@AlMayadeenNews) January 23, 2024