ഗസ്സയിൽ ബഹുരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും
|നെതന്യാഹു സർക്കാറിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കൾ
ദുബൈ: ഗസ്സയിൽ അറബ് രാജ്യങ്ങൾ ഉൾപ്പെട്ട ബഹുരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള ഏതാരു നീക്കവും ശക്തമായി ചെറുക്കുമെന്ന മുന്നറിയിപ്പുമായി ഹമാസും ഇസ്ലാമിക് ജിഹാദും. ഗസ്സയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ ചർച്ച തുടരുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് കഴിഞ്ഞ ദിവസം അമേരിക്കയെ അറിയിച്ചിരുന്നു.
അറബ് രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ബഹുരാഷ്ട്ര സേനയുടെ വിന്യാസം നടന്നാൽ ഭാവിയിൽ ഗസ്സ വിടാം എന്ന നിർദേശമാണ് ഇസ്രായേൽ അമേരിക്കയെ അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ മാധ്യമങ്ങളാണ് ഇന്നലെ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ബഹുരാഷ്ട്ര സേനയെ ഗസ്സയിൽ ഇറക്കാനുള്ള അധിനിവേശ ശക്തികളുടെ നീക്കം ദിവാസ്വപ്നം മാത്രമാണെന്ന് ഫലസ്തീൻ പ്രതിരോധ സംഘടനകൾ പ്രസ്താവനയിൽ അറിയിച്ചു. ഗസ്സയിലേക്കുള്ള ഏതു സേനയെയും അധിനിവേശ ശക്തികൾ എന്ന നിലക്കാവും കണക്കാക്കുകയെന്നും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമെന്നും ഹമാസും ഇസ്ലാമിക് ജിഹാദും ഉൾപ്പെടെ പ്രതിരോധ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
ബഹുരാഷ്ട്ര സേനയുടെ ഭാഗമാകാൻ ഏതെങ്കിലും അറബ് രാജ്യം തീരുമാനിക്കുമെന്ന് തങ്ങൾ കരുതുന്നില്ലെന്നും കൂട്ടായ്മ വ്യക്തമാക്കി. അതിനിടെ, വെടിനിർത്തൽ കരാർ ചർച്ചക്കായി മൊസാദ് ഉൾപ്പെട്ട ഇസ്രായേൽ സംഘം ഇന്ന് കൈറോയിലേക്ക് തിരിക്കും. ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, മധ്യസ്ഥ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
നെതന്യാഹു സർക്കാറിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കൾ അറിയിച്ചു. തെൽ അവീവിലും ജറൂസലമിലും ഇന്നലെ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രക്ഷോഭകർക്കു നേരെ ഇസ്രായേൽ സുരക്ഷാ വിഭാഗം പലയിടങ്ങളിലും ബലപ്രയോഗം നടത്തി.
ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിച്ച ഇസ്രായേൽ ഇന്നലെ മാത്രം കൊന്നുതള്ളിയത് 82 പേരെ. ഇതോടെ മൊത്തം സ്ഥിരീകരിക്കപ്പെട്ട മരണം 32,705 ആയി. 75,190 പേർക്കാണ് പരിക്ക്. ഗസ്സയിൽ ഭക്ഷണവിതരണത്തിനിടെ അഞ്ചു പേർ തിക്കിലും തിരക്കിലും മരിച്ചു.
ദക്ഷിണ ലബനാനിൽ ശനിയാഴ്ച ഡ്രോൺ ആക്രമണത്തിൽ യു.എൻ വാഹനത്തിലുണ്ടായിരുന്ന മൂന്നു നിരീക്ഷകരടക്കം നാലു പേർ മരിച്ചു. ഇസ്രായേലാണ് പിന്നിലെന്ന് ലബനാൻ സർക്കാർ ആരോപിച്ചു.
വടക്കൻ ഗസ്സയിലേക്ക് അയച്ച സഹായ ട്രക്കുകളിൽ പകുതിയും ഇസ്രായേൽ മുടക്കിയതായി യു.എൻ മനുഷ്യാവകാശ സമിതി അറിയിച്ചു. ഗസ്സയിൽ വംശഹത്യക്കിടെ വെസ്റ്റ് ബാങ്കിൽ കൂട്ട അറസ്റ്റും ഭൂമി പിടിച്ചെടുക്കലും തുടരുകയാണ് ഇസ്രായേൽ. ഒക്ടോബർ ഏഴിനുശേഷം ഫലസ്തീനികൾ താമസിച്ചുവന്ന 27 ചതുരശ്ര കിലോമീറ്റർ ഭൂമി ഇസ്രായേൽ കൈയേറി. കോളനൈസേഷൻ ആൻഡ് വാൾ റസിസ്റ്റൻസ് കമീഷൻ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
Summary : Hamas say they will resist the move to deploy multinational forces in Gaza