‘വെടിനിർത്തൽ കരാറിലെത്താതിരിക്കാൻ വീണ്ടും തടസ്സങ്ങൾ സൃഷ്ടിക്കുന്നു’; നെതന്യാഹുവിനെതിരെ ഹമാസ്
|ഇത് അവസാനത്തെ അവസരമെന്ന് യു.എസ്
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാർ അംഗീകരിക്കാതിരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുതിയ തടസ്സങ്ങൾ കൊണ്ടുവരികയാണെന്ന് ഹമാസ്. മെയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിർദേശിക്കുകയും ജൂൺ 11ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി അംഗീകരിക്കുകയും ചെയ്ത വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ ഇസ്രായേലിനെ ലോക സമൂഹം നിർബന്ധിപ്പിക്കണമെന്ന് ഹമാസ് രാഷ്ട്രീയകാര്യസമിതി അംഗം ഡോ. ബാസിം നഈം പ്രസ്താവനയിൽ പറഞ്ഞു.
മൂന്ന് ഘട്ടമായിട്ടുള്ള വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതാണ്. ഉടനടിയുള്ള വെടിനിർത്തൽ, അതിർത്തി മേഖലയിൽനിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കുക, കുടിയൊഴിപ്പിക്കപ്പെട്ടവരെ നിരുപാധികമായി അവരുടെ നാടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക, മാനുഷിക സഹായങ്ങൾ നിയന്ത്രണമില്ലാതെ പ്രവേശിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക എന്നിവയാണ് ഒന്നാം ഘട്ടത്തിലുള്ളത്. എന്നാൽ, കൂടുതൽ കൂട്ടക്കൊലകൾ നടത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചതെന്ന് നഈം കുറ്റപ്പെടുത്തി. ചർച്ചക്കായി പുതിയ വ്യവസ്ഥകളും നെതന്യാഹു മുന്നോട്ടുവെച്ചിട്ടുണ്ട്.
റഫ ക്രോസിങ്, ഈജിപ്തിനോട് ചേർന്നുള്ള ഫിലാഡൽഫി ഇടനാഴി, നെറ്റ്സാരിം റൂട്ട് എന്നിവിടങ്ങളിൽനിന്ന് ഇസ്രായേലി സൈന്യം പിൻവാങ്ങില്ലെന്ന് ഇതിൽ പറയുന്നു. കുടിയിറക്കപ്പെട്ട ജനങ്ങൾ തെക്കുനിന്ന് വടക്കൻ ഗസ്സയിലേക്ക് പോകുമ്പോൾ പരിശോധന നടത്തും. തടവുകാരെ കൈമാറ്റം ചെയ്യുന്ന വ്യവസ്ഥയിലും മാറ്റങ്ങൾ കൊണ്ടുവന്നു. മാനുഷിക സഹായവും ഗസ്സയുടെ പുനർനിർമാണവും മേൽപറഞ്ഞ വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് അനുസരിച്ച് മാത്രമാകും. രണ്ടാം ഘട്ടത്തിലെ വ്യവസ്ഥകളിൽ കരാറിലെത്തുന്നത് വരെ ആദ്യഘട്ടത്തിലെ വ്യവസ്ഥകളിൽ തുടർച്ചയായ ചർച്ചകൾ സ്വീകാര്യമല്ല. മാത്രമല്ല, ആറാഴ്ചക്ക് ശേഷം ആക്രമണം തുടരാൻ അമേരിക്കയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പുവേണമെന്നും നെതന്യാഹുവിന്റെ പുതിയ നിർദേശത്തിലുണ്ട്.
നിർദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്ന് യു.എസ്
ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമായി അമേരിക്ക മുൻകൈയെടുത്ത് തയാറാക്കിയ നിർദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്നും ഇത് അവസാനത്തെ അവസരമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലങ്കൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ബ്ലങ്കന്റെ പ്രസ്താവന വരുന്നത്. ‘നെതന്യാഹുമായി വളരെയധികം ക്രിയാത്മകമായ ചർച്ചയാണ് നടന്നത്. നിർദേശങ്ങൾ അംഗീകരിക്കാൻ അദ്ദേഹം തയാറാണ്. ഇനി ഹമാസിന്റെ കൈയിലാണ് കാര്യങ്ങൾ. തുടർന്ന് ഇരുകക്ഷികളും മധ്യസ്ഥരായ അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ഒരുമിച്ച് ചേർന്ന് കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെ ഹാമസ് രംഗത്തുവന്നു. ഇസ്രായേലിന്റെ വംശഹത്യ തുടരാനായി അമേരിക്ക സമയം നീട്ടിനൽകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ഹമാസ് ആരോപിച്ചു. ഫിലാഡൽഫി ഇടനാഴിയിൽനിന്നും റഫ അതിർത്തിയിൽനിന്നും പിൻമാറില്ലെന്ന ഇസ്രായേൽ നിർദേശത്തിനെതിരെ ഈജിപ്തും രംഗത്തുവന്നിട്ടുണ്ട്. 2005ൽ ഇസ്രായേൽ ഗസ്സയിൽനിന്ന് പിൻമാറിയശേഷം ഈജിപ്താണ് ഫിലാഡൽഫി ഇടനാഴി നിയന്ത്രിക്കുന്നത്. ഗസ്സയിൽ വീണ്ടും അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങൾ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
നെതന്യാഹുവിനെതിരെ പ്രതിപക്ഷം
അതേസമയം, വെടിനിർത്തൽ കരാറിലെത്തി ബന്ദികളെ മോചിപ്പിക്കാത്തതിനെതിരെ ഇസ്രായേലിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞദിവസം പതിനായിരങ്ങൾ ഈ ആവശ്യവുമായി തെൽ അവീവിൽ തെരുവിലിറങ്ങി. ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ നെതന്യാഹു മനഃപൂർവം അട്ടിമറിക്കുകയാണെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ആരോപിച്ചു. ‘കഴിഞ്ഞദിവസം നെതന്യാഹു ചെയ്തത് ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിലെത്താനുള്ള സാധ്യതയെ അട്ടിമറിക്കാൻ ആസൂത്രിതവും അപകടകരവുമായ പ്രവൃത്തിയാണ്. ഈ അനാവശ്യ സന്ദേശങ്ങൾ അദ്ദേഹം അവസാനിപ്പിക്കേണ്ടതുണ്ട്’ -യായിർ ലാപിഡ് ‘എക്സി’ൽ കുറിച്ചു.
വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 40,139 ആയി ഉയർന്നു. 92,743 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.