ഗസ്സ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് നേതാവ്
|അൽ അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ അൽ ഹയ്യ നിലപാട് വ്യക്തമാക്കിയത്
കെയ്റോ: ഗസ്സയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ തടവുകാരെ കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്ന് ഹമാസിൻ്റെ ആക്ടിംഗ് ഗസ്സ മേധാവി ഖലീൽ അൽ ഹയ്യ. അൽ-അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖലീൽ അൽ ഹയ്യ നിലപാട് വ്യക്തമാക്കിയത്.
'യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാധ്യമല്ല. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ എന്തിനാണ് തടവുകാരെ തിരിച്ചയക്കുന്നത്' എന്ന് ഖലീൽ അൽ ഹയ്യ ചോദിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയം യുഎസ് വീറ്റോ ചെയ്തത്. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചായിരുന്നു യുഎസ് നടപടി.
അനേകം ആളുകളാണ് ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ആക്രമണത്തന് പിന്നാലെ 251 ബന്ദികളെ ഇസ്രായേലിൽ നിന്നും ഹമാസ് ഗസ്സയിലേക്ക് കൊണ്ടു പോയിരുന്നു. ഇതിൽ 97 പേർ ഇപ്പോഴും ഗസ്സയിൽ തുടരുകയാണ്.
പുറത്തെത്തിക്കുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ നൽകുമെന്നും ഹമാസ് നിയന്ത്രണത്തിൽനിന്ന് ഇവരെ മോചിപ്പിക്കാൻ സഹായിച്ചാൽ സുരക്ഷിതമായി ഫലസ്തീനിൽനിന്ന് പുറത്തുകടക്കാൻ അവസരമൊരുക്കുമെന്നും ഫലസ്തീനികൾക്കുമുന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു.
യുദ്ധം അവസാനിപ്പിക്കുകയും ഗസ്സയിൽ ബന്ദികളാക്കിയ ഇസ്രായേലികളെയും വിദേശികളെയും, ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെയും മോചിപ്പിക്കണമെന്ന ആഗ്രഹം ഹമാസിനുണ്ട്. എന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയുകയുള്ളു എന്ന് നെതന്യാഹു പറഞ്ഞു.