ഗസ്സയിൽ സമാധാനം അകലെ; ദോഹയിലെ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ല, ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന് ഹമാസ്
|ഖത്തർ തലസ്ഥാനമായ ദോഹയിൽ ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു
തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ച ദോഹയിൽ പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ല. സൈനിക ശക്തിയിലൂടെ മാത്രം ലക്ഷ്യങ്ങൾ നേടാൻ കഴിയില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഗസ്സ വെടിനിർത്തൽ ചർച്ച പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഐഎ മേധാവി വില്യംബേൺസും മൊസാദ് തലവൻ ഡേവിഡ് ബർണിയയും മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, ഖത്തർ പ്രതിനിധികളും ചർച്ചയിൽ ഭാഗഭാക്കായി. ഹമാസിനെ ചർച്ചയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ആക്രമണം അവസാനിപ്പിച്ച് സൈന്യം ഗസ്സ വിടാതെയുള്ള ചർച്ചയിൽ കാര്യമില്ലെന്ന പ്രഖ്യാപിത നിലപാടാണ് ഹമാസ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. ഫിലാഡൽഫി, നെത് സറിം ഇടനാഴികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നെതന്യാഹു.
അതേസമയം സൈനിക നടപടിയിലൂടെ മാരതം യുദ്ധലക്ഷ്യങ്ങൾ നേടാൻ കഴിയില്ലെന്ന് നെതന്യാഹുവിന്‍റെ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് തുറന്നടിച്ചു. കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ അനുസമരണ ചടങ്ങിലാണ് യോവ് ഗാലന്‍റിന്‍റെ തുറന്നുപറച്ചിൽ. തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. ബഹളം കാരണം പ്രസംഗം പൂർത്തിയാക്കാതെ നെതന്യാഹു മടങ്ങുി. ലബനാനിൽ ഹിസ്ബുല്ലയുടെ ശക്തമായ ചെറുത്തുനിൽപ്പ് ഇസ്രായേലിന് കൂടുതൽ തിരിച്ചടിയായി. തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു റിസർവ് സൈനികർ കൂടി കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരം.
തെൽഅവീവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക് ബസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്നതായി ഇസ്രായേൽ അറിയിച്ചു. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 57പേർ കൊല്ലപ്പെട്ടു. ഇവരിൽ 43 പേരും വടക്കൻ ഗസ്സയിലെ ആക്രമണത്തിലാണ് മരിച്ചത്. അതിനിടെ, ഇസ്രായേലിനെതിരെ ഉചിതമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി.