World
കരമാർഗം ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈനികനീക്കം പരാജയപ്പെടുത്തിയെന്ന് ഹമാസ്
World

കരമാർഗം ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈനികനീക്കം പരാജയപ്പെടുത്തിയെന്ന് ഹമാസ്

Web Desk
|
28 Oct 2023 8:45 AM GMT

അൽ ശിഫ ഉൾപ്പെടെ വിവിധ ആശുപത്രി പരിസരങ്ങളിൽ നടന്ന ബോംബാക്രമണങ്ങളിൽ നൂറുകണക്കിനാളുകൾ മരിച്ചതായാണ് റിപ്പോർട്ട്

ജറുസലേം: അന്താരാഷ്ട്ര സമ്മർദം തള്ളി ഗസ്സക്കു നേരെയുള്ള ആക്രമണം ഇസ്രായേൽ കൂടുതൽ കടുപ്പിച്ചതോടെ സിവിലിയൻ കൂട്ടക്കുരുതി വ്യാപകം. അൽ ശിഫ ഉൾപ്പെടെ വിവിധ ആശുപത്രി പരിസരങ്ങളിൽ നടന്ന ബോംബാക്രമണങ്ങളിൽ നൂറുകണക്കിനാളുകൾ മരിച്ചതായാണ് റിപ്പോർട്ട്. കരമാർഗം ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രായേൽ സൈനികനീക്കം പരാജയപ്പെടുത്തിയെന്ന് ഹമാസ് അറിയിച്ചു. സൈനികനടപടി വ്യാപിപ്പിച്ചതോടെ ഖത്തർ മധ്യസ്ഥതയിൽ വെടിനിർത്തലിനുള്ള നീക്കവും വഴിമുട്ടി.

ഗസ്സയിൽ ഇന്നലെ വൈകീട്ട് മുതൽ എല്ലാ കമ്യൂണിക്കേഷൻസ് സംവിധാനങ്ങളും തകർത്ത ഇസ്രായേൽ ഇടതടവില്ലാതെ മാരക ബോംബിങ് തുടരുകയാണ്. പുതുതായി കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ തിട്ടപ്പെടുത്താൻ പോലും കഴിയുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ പോലും സധിക്കുന്നില്ലെന്ന് യു.എൻ ഏജൻസികളും റെഡ്‌ക്രോസ്, റെഡ്ക്രസൻറ് അധികൃതരും പരിതപിച്ചു. മിക്ക ആശുപത്രികളും പ്രവർത്തനം നിലച്ച സ്ഥിതിയിൽ ഗസ്സയിലെ മാനുഷികദുരന്തം ഭീതിദമാണെന്ന് ലോകാരോഗ്യ സംഘടന.

ഗസ്സയിൽ മാധ്യമപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനാവില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികളെ ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സയിൽ നിന്ന് എല്ലാവരും മാറണമെന്നും ഇസ്രായേൽ സൈന്യം. ഗസ്സയിലെ കമ്യൂണ്ണിക്കേഷൻസ് സംവിധാനം വിഛേദിച്ചത് വിജയകരമായ സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേശകൻ. കരയുദ്ധത്തിന്റെ മുന്നൊരുക്കം മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഇസ്രായേൽ ഗസ്സക്കു നേരെ കടന്നുകയറാനുള്ള നീക്കം ചെറുത്തതായും നിരവധി ഇസ്രായേൽ സൈനികർക്ക് ജീവാപായം സംഭവിച്ചതായും ഹമാസ്.

കരയുദ്ധം ഹമാസ് പിടിയിലുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ അവരുടെ ബന്ധുക്കൾ രംഗത്തുവന്നു. ഗസ്സയിൽ നിന്ന് നൂറുകണക്കിന് റോക്കറ്റുകൾ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിലേക്ക് ഹമാസ് അയച്ചു. ചില റോക്കറ്റുകൾ കെട്ടിടങ്ങളിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. വടക്കൻ അതിർത്തിയിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയെന്ന് സൈന്യം. അമേരിക്കയുടെ രണ്ടാം പടക്കപ്പൽ കൂടി മേഖലയിൽ എത്തിയതോടെ ഏതു സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

Related Tags :
Similar Posts