World
netanyahu
World

ഐസിസി അറസ്റ്റ് വാറന്റ്: നീതിയിലേക്കുള്ള ചുവടുവെപ്പെന്ന് ഹമാസ്, യഹൂദ വിരുദ്ധമെന്ന് ഇസ്രായേൽ

Web Desk
|
21 Nov 2024 3:34 PM GMT

ഇസ്രായേൽ തങ്ങളുടെ പൗരന്മാരുടെ പ്രതിരോധത്തിൽ സമ്മർദത്തിന് വഴങ്ങില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ആംസ്​റ്റർഡാം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് സ്വാഗതം ചെയ്‌ത്‌ ഹമാസ്. കോടതി നടപടി നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ഹമാസ് പറഞ്ഞു.

'ഇരകളായവർക്ക് നീതി ലഭിക്കുന്നതിലേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്. എന്നാൽ, ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും ഇതിനെ പിന്തുണക്കുന്നില്ലെങ്കിൽ കോടതി നടപടി വെറും പ്രതീകാത്മകം മാത്രമായി തീരും'- ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസെം നെയിം പ്രസ്‌താവനയിൽ പറഞ്ഞു. ജൂലൈയിൽ ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹമാസിൻ്റെ ഖസ്സാം ബ്രിഗേഡ്‌സ്‌ നേതാവ് മുഹമ്മദ് ദൈഫിനെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും​ 2023 ഒക്​ടോബർ എട്ടിനും 2024 മെയ്​ 20നും ഇടയിൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനും ഗാലന്റിനും എതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നടപടിയെ ഇസ്രായേൽ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഐസിസിയുടെ തീരുമാനം അന്യായമാണെന്ന് മുൻ ഇസ്രായേലി നീതിന്യായ മന്ത്രി യോസി ബെയ്‌ലിൻ പറഞ്ഞു.

'എൻ്റെ പ്രധാനമന്ത്രി ഐസിസിയിൽ കുറ്റാരോപിതനായത് വളരെ ദുഃഖകരമായ ദിവസമാണ്. ചരിത്രത്തിൽ ഇത്തരമൊരു നിലയിലെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒക്ടോബർ 7ന് നരകത്തിൻ്റെ കവാടങ്ങൾ തുറന്നതും ഇസ്രായേലികളെ കൂട്ടക്കൊല ചെയ്‌തതും ഹമാസാണ്'- യോസി ബെയ്‌ലിൻ പറഞ്ഞു.

ജൂലൈയിൽ ഇസ്രായേൽ സൈന്യം ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിൻ്റെ മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടിരുന്നു. മരിച്ച ഒരാൾക്ക് മേലെ ഐസിസി കുറ്റം ചുമത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ബെയ്‌ലിൻ കൂട്ടിച്ചേർത്തു. ഇസ്രായേലിനെ കഥയിലെ വില്ലനായി ചിത്രീകരിക്കുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈഫിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായാണ് ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ, ഹമാസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കോടതിയുടെ വാറന്റ് തള്ളിയ നെതന്യാഹുവിന്റെ ഓഫീസ് നടപടി 'യഹൂദ വിരുദ്ധമാണെന്നാണ്' വിശേഷിപ്പിച്ചത്. ഇസ്രായേൽ തങ്ങളുടെ പൗരന്മാരുടെ പ്രതിരോധത്തിൽ സമ്മർദത്തിന് വഴങ്ങില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

നെതന്യാഹുവിനെതിരായ കോടതി നടപടിയെ അമേരിക്കയും ശക്തമായി അപലപിച്ചിട്ടുണ്ട്. അതേസമയം, ആവശ്യമെങ്കിൽ നെതന്യാഹുവിനെതിരെ ഐസിസി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്മേൽ നടപടിയെടുക്കാൻ നെതർലൻഡ്സ് തയ്യാറാണെന്ന് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രി കാസ്‌പർ വെൽഡ്‌കാമ്പിനെ ഉദ്ധരിച്ച് ഡച്ച് വാർത്താ ഏജൻസിയായ എഎൻപി റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലി നേതാവ് ഡച്ച് മണ്ണിൽ വന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് വെൽഡ്‌കാമ്പ് ജനപ്രതിനിധി സഭയിൽ പറഞ്ഞു. ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നെതന്യാഹു, ഗാലൻ്റ്, ദൈഫ് എന്നിവരുമായുള്ള അനിവാര്യമല്ലാത്ത ബന്ധം നെതർലാൻഡ്‌സ് ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളിൽ എതിലേക്കെങ്കിലും യാത്ര ചെയ്താൽ ഇരുവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. അറസ്റ്റിലായാൽ വിചാരണക്കായി ഇരുവരെയും ഹേഗിലെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇസ്രായേലും പ്രധാന സഖ്യകക്ഷിയായ അമേരിക്കയും ഐ.സി.സിയെ അംഗീകരിക്കുകയോ അംഗത്വം എടുക്കുകയോ ചെയ്യാത്തതിനാൽ കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പ്രായോഗിക പരിമിതിയുണ്ട്.

Similar Posts