World
Hasan Nasrullah will be killed if Hezbollah does not withdraw from Lebanon border
World

'ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല പിൻമാറിയില്ലെങ്കിൽ ഹസൻ നസ്‌റുല്ലയെ വധിക്കും'; മുന്നറിയിപ്പുമായി ഇസ്രായേൽ

Web Desk
|
28 Dec 2023 12:53 AM GMT

വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണംരൂക്ഷമായി തുടരുന്നതിനിടെ മരണം 21,110 ആയി.

ഗസ്സ: ഗസ്സയിൽ മരണം 21,000 കടന്നിട്ടും കലിയടങ്ങാതെ ആക്രമണം കൂടുതൽ കടുപ്പിക്കാനുറച്ച് ഇസ്രായേൽ. അടുത്ത ഘട്ടം കൂടുതൽ മാരകമായിരിക്കുമെന്ന് ഇസ്രായേൽ മന്ത്രിയൂടെ മുന്നറിയിപ്പ്. ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല പിൻവാങ്ങിയില്ലെങ്കിൽ ഹസൻ നസ്‌റുല്ലയെ വകവരുത്തുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് താക്കീത് നൽകി. അതിനിടെ സൈനിക ഉപദേശകൻ സയ്യിദ് റിസ മൂസവിയുടെ കൊലക്ക് പകരം ചോദിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് വ്യക്തമാക്കി.

വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണംരൂക്ഷമായി തുടരുന്നതിനിടെ മരണം 21,110 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരുടെ എണ്ണം 55,000 കടന്നു. ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു കാരണം പരിക്കേറ്റവരിൽ പലരും മരണപ്പെടുന്ന സ്ഥിതിയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ നൂർ ശംസ് ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിൽ നിന്നും നിരവധി ഫലസ്തീനികളെ സൈന്യം പിടിച്ചു കൊണ്ടുപോയി. ഇസ്രായേൽ കൈമാറിയ എൺപതോളം മൃതദേഹങ്ങളിൽ പലതും വികൃതമാക്കപ്പെട്ട നിലയിലാണെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ സൈനികരുണ്ടോ എന്നുറപ്പു വരുത്താനാണ് മൃതദേഹങ്ങൾ കൊണ്ടുപോയതെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.

ഗസ്സയിൽ മാരകവും അത്ഭുതപ്പെടുത്തുന്നതുമായ യുദ്ധഘട്ടമാണ് ഇനി വരാനിരിക്കുന്നതെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ശത്രുവിനെതിരെ ഗസ്സയിൽ അതിശക്തമായ പോരാട്ടം തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. നിരവധി സൈനിക വാഹനങ്ങൾ തകർത്തു. സൈനികനഷ്ടം ഇസ്രായേൽ വെളിപ്പെടുത്തുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണെന്നും അൽ ഖസ്സാം ബ്രിഗേഡ് പറഞ്ഞു. അതിനിടെ തങ്ങളുടെ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം പരിക്കേറ്റ ഇരുപതിലേറെ സൈനികരെ കൊണ്ടുവന്നതായി ഇസ്രായേലിലെ രണ്ട് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

Similar Posts