കൊലപാതകമടക്കം 155 കേസുകൾ; ശൈഖ് ഹസീനക്കെതിരെ കടുത്തനടപടിയുമായി ബംഗ്ലാദേശ്
|കൊലപാതകത്തിന് മാത്രം 136 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ധാക്ക: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ കൊലപാതകമടക്കം 155 കേസുകളെടുത്ത് ബംഗ്ലാദേശ് പൊലീസ്. കൊലപാതകത്തിന് മാത്രം 136 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെലാപാതക ശ്രമം, വംശഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയും നിരവധി കേസുകളെടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ ഉയർന്നുവന്ന സർക്കാർ വിരുദ്ധ കലാപങ്ങളെ തുടർന്ന് ആഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ആഗസ്റ്റ് നാലിന് ദിനാജ്പൂരിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷെയ്ഖ് ഹസീന ഉൾപ്പെടെ 59 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിനാജ്പൂരിലെ രാജ്ബതി പ്രദേശത്ത് താമസിക്കുന്ന ഫാഹിം ഫൈസൽ (22) ആഗസ്റ്റ് നാലിന് നടന്ന പ്രതിഷേധ പ്രകടനത്തിടെ വെടിയേറ്റ് പരിക്കേറ്റുവെന്ന് കാണിച്ച് കോട്വാലി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച കേസ് ഫയൽ ചെയ്തതായി ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇതോടെ ഹസീനക്കെതിരെ ബംഗ്ലാദേശിലെടുത്ത കൊലപാതകക്കേസുകളുടെ എണ്ണം 136 ആയി. ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിയാണ് ഫാഹിം ഫൈസൽ.
ഹസീനക്ക് പുറമെ മുൻ വിപ്പ് ഇക്ബാലുർ റഹീം, ഇംദാദ് സർക്കാർ, ജൂബോ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവരുൾപ്പടെ 58 പേരാണ് കേസിലെ പ്രതികൾ. ഹസീനക്കെതിരെയുള്ള 155 കേസുകളിൽ ഏഴെണ്ണം വംശഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ- 3, കൊലപാതക ശ്രമം- 8 എന്നിങ്ങനെയാണ് മറ്റ് കേസുകളുടെ എണ്ണം.
ഹസീനയെ ബംഗ്ലാദേശിലേക്ക് തിരികെയെത്തിക്കുകയും പൊതുമധ്യത്തിൽ വെച്ച് വിചാരണ നടത്തുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. മുൻ പ്രധാനമന്ത്രിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്ററർ ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം അവരെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിൽ നിന്ന് നാടുവിട്ട് ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന നടത്തുന്ന രാഷ്ട്രീയ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഹസീന നടത്തുന്ന പ്രസ്താവനകളെ തുടർന്ന് ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഹസീനയ്ക്ക് അഭയം നൽകിയതിനു ശേഷം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും മെല്ലെപോക്കാണെന്നും യൂനുസ് ആരോപിച്ചിരുന്നു.