ഏഴ് മാസം മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങിയ സിറിയൻ അഭയാർഥി ഹസൻ അൽ കൊന്താറിന് കനേഡിയൻ പൗരത്വം
|എല്ലാ അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യ പോരാളികൾക്കും, അഭയാർഥികൾക്കും മോചനം ആശംസിക്കുന്നുവെന്ന് കൊന്താർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഒട്ടാവ: വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സിറിയൻ അഭയാർഥി ഹസൻ അൽ കൊന്താറിന് കനേഡിയൻ പൗരത്വം ലഭിച്ചു. 2011 മുതൽ യു.എ.ഇയിൽ ജോലി ചെയ്തിരുന്ന കൊന്താർ വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അവിടെനിന്ന് പുറത്താക്കപ്പെട്ടു. ആഭ്യന്തര കലാപം രൂക്ഷമായ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാനാവത്തതിനാൽ 2017-ലാണ് അദ്ദേഹം മലേഷ്യയിലെത്തിയത്. സിറിയൻ പൗരൻമാരെ വിസയില്ലാതെ 90 ദിവസം വരെ തങ്ങാൻ അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് മലേഷ്യ.
90 ദിവസം കഴിഞ്ഞതോടെ കൊന്താർ ഇക്വഡോറിലേക്കും കംബോഡിയയിലേക്കും പോകാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കംബോഡിയൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് കണ്ടുകെട്ടി മലേഷ്യയിലേക്ക് തന്നെ തിരിച്ചയച്ചു. ഒരു രാജ്യവും പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് ഏഴ് മാസം ക്വാലാലംപൂർ വിമാനത്താവളത്തിലാണ് കൊന്താർ താമസിച്ചത്.
ഏഴ് മാസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ അനുഭവത്തിലൂടെ സിറിയൻ അഭയാർഥികളുടെ ദുരിതം വിവരിക്കുന്ന വീഡിയോ സ്‌റ്റോറികൾ ട്വീറ്റ് ചെയ്യാൻ തുടങ്ങി. ഈ വീഡിയോകൾ അദ്ദേഹത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് നയിച്ചു. കൊന്താറിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മൂന്ന് കനേഡിയൻ പൗരൻമാർ അദ്ദേഹത്തെ സഹായിക്കാൻ തയ്യാറായി.
അഭയാർഥികളെ സ്‌പോൺസർ ചെയ്യാൻ സ്വാകാര്യ വ്യക്തികളെയും കൂട്ടായ്മകളെയും അനുവദിക്കുന്ന രാജ്യമാണ് കാനഡ. ബി.സി മുസ്‌ലിം അസോസിയേഷൻ കൊന്താറിനെ സ്‌പോൺസർ ചെയ്യാൻ തയ്യാറായി. അതിനിടെ 2018 ഒക്ടോബറിൽ മലേഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടങ്കൽ പാളയത്തിലടച്ചു. സിറിയയിലേക്ക് നാട് കടത്താനുള്ള നീക്കത്തിനിടെയാണ് കാനഡ കൊന്താറിന് അഭയം വാഗ്ദാനം ചെയ്തത്. 2018 നവംബറിൽ ജയിൽ മോചിതനായ കൊന്താർ കനേഡിയൻ നഗരമായ വാൻകൗവറിലെത്തി.
ഇന്നലെയാണ് കൊന്താറിന് കനേഡിയൻ പൗരത്വം ലഭിച്ചത്. ഈ നീണ്ട കാലയളവിനിടെ തനിക്ക് വലിയ നഷ്ടങ്ങളാണുണ്ടായതെന്ന് കൊന്താർ പറഞ്ഞു. 2016-ൽ പിതാവ് മരിച്ചപ്പോൾ തനിക്ക് അദ്ദേഹത്തിന്റെ അടുത്തെത്താനായില്ല. ജയിൽ, പീഡനം, മുൻവിധി, കണ്ണീർ, രക്തം, പ്രിയപ്പെട്ടവരെ പിരിഞ്ഞിരുന്ന 15 വർഷം. എല്ലാ അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യ പോരാളികൾക്കും, അഭയാർഥികൾക്കും മോചനം ആശംസിക്കുന്നുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.