'ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലം, ഫലസ്തീൻ ഓപ്പറേഷൻ അത് തുറന്നുകാട്ടി'; ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്‌റുല്ല
|ഒക്ടോബർ എട്ട് മുതൽ ഹിസ്ബുല്ല ഇസ്രായേലിനെതിരെ യുദ്ധക്കളത്തിൽ ഇറങ്ങിയെന്നും ഹിസ്ബുല്ലാ നേതാവ്
ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും ഇസ്രായേലിനെ വിമർശിച്ചും ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്‌റുല്ലാഹ്. ഇസ്രായേൽ ചിലന്തി വലയേക്കാൾ ദുർബലമണെന്നും ഫലസ്തീൻ ഓപ്പറേഷൻ അത് തുറന്നുകാട്ടിയെന്നും അദ്ദേഹം ഹിസ്ബുല്ല സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടങ്ങിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുപ്രസംഗം നടത്തുന്നത്.
ഗസ്സയിൽ ഇസ്രായേൽ കാണിക്കുന്നത് അവരുടെ ദൗർബല്യവും വിഡ്ഡിത്തവുമാണെന്നും കാരണം അവർ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാസം നീണ്ട ആക്രമണം നടത്തിയിട്ടും സൈനികമായി ഒരൊറ്റ നേട്ടം പോലും കൈവരിക്കാൻ അവർക്കായില്ലെന്നും ഹിസ്ബുല്ലാ നേതാവ് പരിഹസിച്ചു. ഹമാസ് നടത്തിയ ഓപ്പറേഷൻ ഇസ്രായേലുമായുള്ള യുദ്ധത്തിലെ ചരിത്ര ഘട്ടമാണെന്നും അൽ അഖ്‌സ ഫ്‌ളഡ് ഹമാസ് ബുദ്ധിപൂർവും ധൈര്യസമേതവും കൃത്യസമയത്ത് നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേടാനാകാത്ത ലക്ഷ്യങ്ങളാണ് ഇസ്രായേലിന്റെ വലിയ പിഴവെന്നും അദ്ദേഹം പറഞ്ഞു. അൽ അഖ്‌സ ഫ്‌ളഡ് ഇസ്രായേലിൽ ഭൂമികുലുക്കം തന്നെയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലടക്കം നടക്കുന്ന യുദ്ധം പൂർണമായും ഫലസ്തീനിയൻ വിഷയമാണെന്നും മറ്റു പ്രാദേശിക പ്രശ്‌നങ്ങളുമായി ബന്ധിമില്ലെന്നും നസ്‌റുല്ല വ്യക്തമാക്കി. ഗസ്സയിലെ യുദ്ധത്തിൽ പൂർണ ഉത്തരവാദിത്തം യുഎസിനാണെന്നും ഇസ്രായേൽ അത് നടപ്പാക്കുന്ന ഉപകരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഇപ്പോൾ നടക്കുന്ന നിർണായക യുദ്ധമാണെന്നും മുമ്പ് നടന്നത് പോലെയാകില്ലെന്നും നസ്‌റുല്ല വ്യക്തമാക്കി. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കുകയും ഹമാസിനെ വിജയിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ല തങ്ങളുടെ ഓപ്പറേഷൻ അനുദിനം തുടരുകയാണെന്നും ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ പോകാതെ ഇസ്രായേൽ സൈന്യത്തെ ലെബനൻ അതിർത്തിയിൽ തന്നെ തളച്ചിടുമെന്നും നസ്‌റുല്ല പറഞ്ഞു. തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഒക്‌ടോബർ എട്ട് മുതലാണ് ഹിസ്ബുല്ല ഈ യുദ്ധക്കളത്തിൽ ഇറങ്ങിയതെന്നും പറഞ്ഞു. ലെബനാൻ അതിർത്തിയിൽ ഇസ്രായേൽ സേനയുമായി ദിവസേനയുള്ള വെടിവയ്പ്പ് ചെറുതായി തോന്നുമെങ്കിലും ഇത് വളരെ പ്രധാനമാണെന്നും 1948 ന് ശേഷം ഇത് അസാധാരണമാണെന്നും പറഞ്ഞു. ഇതുവരെ 57 ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടതായും നസ്റുല്ല സ്ഥിരീകരിച്ചു.
വിജയം വരെ പോരാടുമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അറബ്-മുസ്ലിം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഹസൻ നസ്‌റുല്ല ആവശ്യപ്പെട്ടു. ഇസ്രായേലിന് ഇന്ധനം നൽകുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.
മാനുഷികവും ധാർമികവും മതപരവുമായി വീക്ഷണങ്ങളിലൂടെയെല്ലാം ഫലസ്തീനിലെ യുദ്ധം സത്യസന്ധവും ശ്രേഷ്ഠവുമുള്ളതാണെന്നും ഉറച്ച വിശ്വാസം, അചഞ്ചല ബോധ്യം, ഭക്തി, ലക്ഷ്യത്തോടുള്ള പ്രതിബദ്ധത എന്നിവയിലാണ് നമ്മുടെ യഥാർത്ഥ ശക്തിയെന്നും നസ്‌റുല്ല പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചർച്ചയായ പ്രസംഗം അൽ ജസീറ ചാനൽ ഇംഗ്ലീഷ് പരിഭാഷയടക്കം ലൈവ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്. എക്‌സിലടക്കം വിവരങ്ങൾ പലരും പങ്കുവെക്കുന്നുമുണ്ട്.
Hassan Nasrullah, the secretary general of the Lebanese armed group Hezbollah, has declared support for Palestine and criticized Israel.