കാനഡയിൽ കാട്ടുതീ പടരുന്നു; പുക മൂടി ന്യൂയോർക്ക്
|പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കാൻ നിർദേശം
ന്യൂയോർക്ക്: കനത്ത പുകയിൽ മുങ്ങി ന്യൂയോർക്ക് നഗരവും കനേഡിയൻ തലസ്ഥാനവും. കാനഡയിലെ ക്യുബക്കിലെ കാട്ടുതീയിൽ നിന്നുള്ള പുകയാണ് അമേരിക്കയുടെ കിഴക്ക് പടിഞ്ഞാറൻ തീരങ്ങളിലേക്കും പടർന്നത്. പുക രൂക്ഷമായതിനാൽ പുറത്തിറങ്ങുന്നവർ N95 മാസ്ക് ധരിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
ക്യുബക്കിൽ 150 സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 15000ത്തിന് മുകളിൽ ആളുകളെ പ്രവിശ്യയിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. ക്യൂബക്കിൽനിന്നും നിലവിൽ പുക ന്യൂയോർക്ക് , പെൻസിൽവാനിയ, ന്യൂജഴ്സ്സി എന്നിവിടങ്ങളിലേക്കും പടർന്നു. വേനലിലെ വരണ്ട കാലവസ്ഥയും ചൂടുമാണ് കാട്ടുതീ പടരാൻ കാരണമെന്നാണ് നിഗമനം.
പുറത്ത് രൂക്ഷമായ പുകയുള്ളതിനാൽ ജനങ്ങളോട് വീടുകളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി. പുറത്തിറങ്ങുന്നവർ N95 മാസ്ക് ധരിച്ചിരക്കണം. കനത്ത പുകയെതുടർന്ന് ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ പലതും റദ്ദാക്കി. തീയണക്കാൻ കനേഡിയൻ ഗവൺമെന്റ് മറ്റു രാജ്യങ്ങളോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ പുകയിൽനിന്നും രക്ഷ നേടാൻ ന്യൂയോർക്കിൽ പത്തുലക്ഷം N95 മാസ്ക് വിതരണം ചെയ്യുമെന്നും ട്രെയിനുകളിലും ബസുകളിലും ഉയർന്ന നിലവാരത്തിള്ള എയർ ഫിൽട്രേഷൻ സിസ്റ്റമാണ് നിലവിലുള്ളതെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹൊക്കുൾ പറഞ്ഞു.