അമിത സമ്മര്‍ദം; ഗസ്സ യുദ്ധത്തിന് ശേഷം ഇസ്രായേലിൽ ഹൃദയാഘാതം 35 ശതമാനം വർധിച്ചതായി പഠനം
|യുദ്ധകാലം പൊതുജനങ്ങളിൽ ചെലുത്തിയ സ്വാധീനമാണ് പ്രധാന കാരണമെന്നും പഠനത്തിൽ പറയുന്നു
ജെറുസലേം: ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ ഹൃദയാഘാത കേസുകൾ കൂടുന്നതായി പഠന റിപ്പോർട്ട്. ജറുസലേമിലെ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഹൃദയാഘാത കേസുകളിൽ 35 ശതമാനം വർധനവുണ്ടായതായി പറയുന്നത്. ഗസ്സയിലെ യുദ്ധത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സിച്ച അടിയന്തര ഹൃദയാഘാത കേസുകളിലാണ് വർധനവുണ്ടായിരിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 100 അടിയന്തര ഹൃദയാഘാത കേസുകളാണ് എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് വെറും 63 ആയിരുന്നു.ഒരു വര്‍ഷം കൊണ്ട് 35 ശതമാനം വർധിച്ചെന്നും പഠനത്തിൽ പറയുന്നു. യുദ്ധകാലം പൊതുജനങ്ങളിൽ ചെലുത്തിയ സ്വാധീനമാണ് ഇതിന് പിന്നിലെന്നും പഠനത്തിൽ ഊന്നിപറയുന്നുണ്ട്. അമിത ഉത്കണ്ഠ, ഭയം,സമ്മര്‍ദം എന്നിവ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഹൃദ്രോഗികളുടെ എണ്ണം വർധിക്കാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതാണെന്നും ഷാരെ സെഡെക്കിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ് ഡയറക്ടർ എലാഡ് ആഷറെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെ ചാനൽ സെവൻ ബ്രോഡ്കാസ്റ്റർ പ്രസിദ്ധീകരിച്ച പഠനത്തിലും ഇതേ കാര്യം പറയുന്നുണ്ട്. ഇസ്രായേലിൽ ഹൃദ്രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായും പഠന റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 7 മുതലാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നത്. യുദ്ധത്തിനെതിരെ ഇസ്രായേലിനകത്ത് തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനാവാത്ത പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചെറിയ പ്രതിഷേധ റാലികൾ ഓരോ ദിവസവും രാജ്യവ്യാപകമായി നടക്കുകയാണ്.
അതിനിടെ ഗസ്സയിൽ മരിച്ചവരുടെ എണ്ണം 30,534 ആയി ഉയർന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറിലധികം പേർ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനിക ആക്രമണത്തിൽ 71,920 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.