ബ്രസീലിൽ കനത്തമഴ, പ്രളയം, മണ്ണിടിച്ചിൽ; 104 പേർ മരിച്ചു
|റിയോഡി ജനീറ സ്റ്റേറ്റിലെ മലയോരപ്രദേശമായ പെട്രോപോളിസിലാണ് അപകടം
ബ്രസീലിലെ പെട്രോപോളിസിൽ കനത്തമഴയിലും പ്രളയത്തിലുമുണ്ടായ അപകടങ്ങളിൽ 104 പേർ മരിച്ചു. റിയോഡി ജനീറ സ്‌റ്റേറ്റിലെ മലയോരപ്രദേശത്താണ് പെട്രോപോളിസ് സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച അഗ്നിശമന വകുപ്പ് പുറത്ത് വിട്ട വിവരങ്ങളിലാണ് ഇത്രയും പേർ മരണപ്പെട്ട വിവരം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ആകെ പെയ്യേണ്ട മഴ ചൊവ്വാഴ്ച മാത്രം പ്രദേശത്ത് പെയ്തിരിക്കുകയാണ്. ഇത് മണ്ണടിച്ചിൽ, പ്രളയം തുടങ്ങിയവക്കിടയാക്കി. വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.
യുദ്ധസമാന സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും അഗ്നി ശമന വിഭാഗവും പ്രാദേശിക പ്രതിരോധ സംഘങ്ങളും സംഭവസ്ഥലത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും റിയോഡി ജനീറ ഗവർണർ ക്ലാഡിയോ കാസ്‌ട്രോ പറഞ്ഞു. പ്രദേശത്തുളളവർക്ക് എല്ലാ സഹായവും ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൽസൊനാരോ വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുമെന്നും നിലവിൽ റഷ്യ, ഹംഗറി എന്നിവടങ്ങളിലെ ഔദ്യോഗിക യാത്രയിലുള്ള അദ്ദേഹം പറഞ്ഞു.ഡിസംബർ മുതൽ ദക്ഷിണ ബ്രസീലിലും വടക്കുകിഴക്കൻ ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ട്.