'സഹായം എത്തിക്കാനാവുന്നില്ല'; സിറിയയ്‌ക്കെതിരായ ഉപരോധം പിൻവലിക്കാൻ സമ്മർദം
|ഉപരോധം ഉടനടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിറിയയിലെ വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നു
സിറിയയിൽ ഭൂകമ്പം തകർത്തെറിഞ്ഞ ജീവിതങ്ങൾക്ക് സാന്ത്വനം പകരാനുള്ള നീക്കത്തിന് യു.എൻ ഏർപ്പെടുത്തിയ ഉപരോധം വിലങ്ങുതടിയാകുന്നു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഏർപ്പെടുത്തിയ ഉപരോധം കാരണം പുറം രാജ്യങ്ങളുടെ ജീവകാരുണ്യ സഹായം സിറിയയിൽ എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉപരോധം ഉടനടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിറിയയിലെ വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നു
ഭൂകമ്പത്തിൽ ആയിരങ്ങൾ മരിച്ചുവീണ സിറിയൻ പ്രദേശങ്ങളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പല ലോക രാജ്യങ്ങളും പ്രഖ്യാപിച്ച സഹായ വസ്തുക്കൾ സിറിയയിൽ എത്തുന്നതിന് നിലവിലെ ഉപരോധം തടസം നിൽക്കുന്നതായി സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തി. 2011ൽ ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധം മുൻനിർത്തിയാണ് കടുത്ത ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. ബശ്ശാറുൽ അസദ് സർക്കാറിനെ അമർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലോകരാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഉപരോധ പ്രഖ്യാപനം.
യു.എൻ മുൻകൈയെടുത്ത് ഉപരോധം പിൻവലിച്ചില്ലെങ്കിൽ സിറിയയിലെ മാനുഷിക ദുരന്തത്തിന് വ്യാപ്തി കൂടുമെന്ന് വിവിധ ജീവകാരുണ്യ സംഘങ്ങൾ വ്യക്തമാക്കി. ഭൂകമ്പം തകർച്ച വരുത്തിയ പ്രദേശങ്ങളിൽ പരിമിതമായ തോതിലുള്ള സഹായം മാത്രമാണ് ലഭ്യമാകുന്നത്. മുസ്‌ലിംകൾക്കൊപ്പം ക്രൈസ്തവ വിഭാഗവും വൻതോതിൽ താമസിക്കുന്ന സിറിയൻ പ്രദേശങ്ങളിലാണ് ഭൂകമ്പം വലിയ തോതിൽ നാശം വിതച്ചത്.
രാജ്യത്തിനു മേലുള്ള ഉപരോധം പിൻവലിക്കാതെ ജീവകാരുണ്യ പ്രവർത്തനം എളുപ്പമല്ലെന്ന് ചൂണ്ടിക്കാട്ടി നാല് പ്രമുഖ ക്രൈസ്തവ സംഘടനകളും രംഗത്തുവന്നു. മെൽക്കൈറ്റ് ഗ്രീക് കാതലിക് പാട്രിയാർക്കിന്റെ യൂസുഫ്, സിറിയൻ ഓർത്തഡക്‌സ് പാട്രിയാർകിന്റെ ഇഗ്‌നേഷ്യസ് അപ്രേം രണ്ടാമൻ, ഗ്രീക് ഓർത്തഡക്‌സ് പാട്രിയാർകിന്റെ ജോൺ പത്താമൻ എന്നിവരാണ് ലോകരാജ്യങ്ങൾക്കുള്ള കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതേ ആവശ്യവുമായി മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചും രംഗത്തുവന്നു. തുർക്കിയുമായി അതിർത്തി പങ്കിടുന്ന സിറിയൻ പ്രദേശങ്ങളിലാണ് ഭൂകമ്പം വലിയ തോതിൽ നാശം വിതച്ചിരിക്കുന്നത്