3518 പേരെ കൊല്ലാൻ സഹായിച്ചു; 100 വയസ്സുള്ള നാസി ഭടൻ കോടതിയിലെ പ്രതിക്കൂട്ടിൽ
|76 വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, 3518 പേരെ കൊലപ്പെട്ട ബെർലിനിലെ നാസി കോൺസട്രേഷൻ ക്യാമ്പിൽ ഗാർഡായിരുന്നു ഇയാൾ
3518 പേരെ കൊല്ലാൻ സഹായിച്ചുവെന്ന കുറ്റാരോപിതനായ 100 വയസ്സുള്ള നാസി ഭടൻ ജർമ്മൻ കോടതിയിലെ പ്രതിക്കൂട്ടിൽ. 76 വർഷം മുമ്പ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ നാസി കോൺസട്രേഷൻ ക്യാമ്പിൽ 3518 പേരെ കൊലപ്പെടുത്താൻ സഹായിച്ചുവെന്ന കുറ്റത്തിന് ജോസഫ് എസ്സാണ് വിചാരണ നേരിടുന്നത്.
ബെർലിനടുത്തുള്ള സാഷേൻഹൗസനിലെ നാസി കോൺസട്രേഷൻ ക്യാമ്പിൽ ഗാർഡായി ജോലി ചെയ്ത ഇയാളും സഹസൈനികരും ചേർന്ന് സോവിയറ്റ് തടവുകാരെ വെടിവെച്ചും മറ്റുള്ളവരെ സയനൈഡ് അടങ്ങിയ കീടനാശിനിയായ സൈക്ലോൺ ബി ഉപയോഗിച്ചും കൊല്ലുകയായിരുന്നു.
നാസി കാലത്തെ കുറ്റത്തിന് വിചാരണ നേരിടുന്ന ഏറ്റവും പ്രായമേറിയയാളാണ് ജോസഫ്. താഴ്ന്ന റാങ്കുകളുണ്ടായിരുന്ന നാസികളെ ഈയടുത്താണ് വിചാരണ ചെയ്തു തുടങ്ങിയത്.
10 കൊല്ലം മുമ്പ് എസ്.എസ്. ഗാർഡായിരുന്ന (ഹിറ്റ്‌ലറിന്റെ പ്രധാന പാരമിലിട്ടറി സൈന്യം) ജോൺ ഡെമൻജ്യൂകിനെ ശിക്ഷിച്ചതോടെയാണ് നാസി കുറ്റങ്ങളിൽ സഹായിച്ചവരെ വിചാരണ ചെയ്യാൻ തുടങ്ങിയത്. നേരത്തെ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരെ മാത്രമാണ് ശിക്ഷിച്ചിരുന്നത്.
ബ്രണ്ടൻബർഗിലെ ഒരു ജയിലിൽ വെച്ച് കനത്ത സുരക്ഷയിലാണ് ജോസഫിനെ വിചാരണ ചെയ്യുന്നത്.
1942 ൽ തന്റെ 21ാം വയസ്സിലാണ് ജോസഫ് സാഷേൻഹൗസനിലെ ക്യാമ്പിൽ ഗാർഡായത്. ഇപ്പോൾ 101 വയസ്സായ ഇദ്ദേഹത്തിന് ദിവസവും രണ്ടര മണിക്കൂർ വിചാരണ നേരിടാനാകുമെന്നാണ് കരുതുന്നത്. ജനുവരി വരെ വിചാരണ നീളും.
ഗാർഡായി ജോലി ചെയ്തതിലൂടെ 1941 മുതൽ 1945 വരെ സാഷേൻഹൗസനിലെ ക്യാമ്പിൽ നടന്ന കൊലപാതകങ്ങളിൽ ഇയാൾ അറിഞ്ഞുകൊണ്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
നോർത്ത് ബെർലിനിലെ ഒറാനിയൻബർഗ് ക്യാമ്പിൽ പ്രതിരോധ സൈനികർ, ജൂതർ, രാഷ്ട്രീയ പ്രതിയോഗികൾ, ഹോമോസെക്ഷ്വൽസ് എന്നിവരടക്കം പതിനായിരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. സാഷേൻഹൗസനിലെ ക്യാമ്പിൽ 1943 ൽ ഗ്യാസ് ചേംബർ സ്ഥാപിക്കുകയും 3000 പേരെ കൊല്ലുകയും ചെയ്തിട്ടുണ്ട്.
സാഷേൻഹൗസനിലെ ക്യാമ്പിൽനിന്ന് രക്ഷപ്പെട്ടവരടക്കം 17 പേർ കേസിൽ വാദികളാണ്. വെടിവെച്ച് കൊല്ലപ്പെട്ട ഡച്ച് പോരാളികളിലൊരാളായ ജോഹാൻ ഹെൻഡ്രിക്കിന്റെ ആറു വയസ്സുകാരനായിരുന്ന മകൻ ക്രിസ്‌റ്റോഫൽ ഹെയ്ജറും ഇക്കൂട്ടത്തിലുണ്ട്. കാലമേറെ കഴിഞ്ഞാലും കൊലപാതകം തെറ്റല്ലാതായി മാറുന്നില്ലെന്നാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
100 വയസ്സുള്ള ലിയോൺ ഷ്വേസർസെർബായും വിധിന്യായം കേൾക്കാൻ കാത്തിരിക്കുന്നുണ്ട്. സാഷേൻഹൗസനിലെ ക്യാമ്പിൽനിന്ന് രക്ഷപ്പെട്ട ഇദ്ദേഹം പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്.
നാസി ക്യാമ്പുകളിലെ മിക്ക ഗാർഡുകളും വിചാരണ പോലും നേരിട്ടിട്ടില്ല. സ്റ്ററ്റോഫ് ക്യാമ്പിൽ തന്നെ 3000 ഗാർഡുമാരുണ്ടായിരുന്നു. 50 പേർക്ക് മാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടത്.