യാത്ര ചെയ്യുന്നവരാണോ? എങ്കിൽ ഇവിടേക്ക് കാറുകൾക്ക് പ്രവേശനമില്ല
|പ്രകൃതി ഭംഗി സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാറുകള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
യാത്ര പോവാൻ ഇഷ്ടമല്ലാത്തവർ ആരാണ് ഉളളത്. സെെക്കിളിലും ലോകം ചുറ്റുന്നവരാണ് ഇന്ന് പലരും. പല സ്ഥലങ്ങളും പ്രകൃതി ഭംഗി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുന്നതായി കേൾക്കാറുണ്ട്. എന്നാൽ ഇതാ കാറുകള്‍ക്ക് പ്രവേശനം ഇല്ലാത്ത ചില നഗരങ്ങളെയും ഗ്രാമങ്ങളെയും പരിചയപ്പെടാം.
ലാമു, കെനിയ
ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന കെനിയ പ്രകൃതി ഭംഗി ഏറെയുളള വിനോദസഞ്ചാര കേന്ദ്രമാണ്. പുൽമേടുകൾ, ഉയർന്ന പർവതങ്ങൾ, ഇടതൂർന്ന വനങ്ങൾ എന്നിവയുടെ വിശാലമായ സ്ഥലമാണ് കെനിയ. സ്വാഹിലി സംസ്‌കാരത്തെ പിന്തുടരുന്നവരാണ് ഇവിടെയുളളവർ. സമ്പന്നമായ ചരിത്രവും ഇടുങ്ങിയ വഴികളുമുള്ള കെനിയയിലെ തീരദേശ ചെറു പട്ടണമാണ് ലാമു. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ലാമു. ഇവിടെ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കഴുതകളും വഞ്ചികളുമാണ് പ്രധാനായും സഞ്ചാരത്തിനു വേണ്ടി ഇവിടെ ഉപയോഗിക്കുന്നത്. കഴുതകള്‍ക്കുവേണ്ടി ഒരു സംരക്ഷണ കേന്ദ്രവും ഇവിടെയുണ്ട്.
ഹാലിബട്ട് കോവ്, അലാസ്‌ക
അലാസ്‌കയിലെ ഒരു ഗ്രാമമാണ് ഹാലിബട്ട് കോവ്. റോഡുമാര്‍ഗം എത്താനാവാത്ത സ്ഥലമാണ് ഹാലിബട്ട് കോവ്. ഇവിടെയും പ്രകൃതിഭംഗി സംരക്ഷിക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് പ്രവേശാനുമതിയില്ല. അമേരിക്കയിലെ ഒഴുകുന്ന ഏക പോസ്റ്റ് ഓഫീസുള്ളത് ഈ ഗ്രാമത്തിലാണ്. പരമ്പരാഗത മത്സ്യബന്ധന ഗ്രാമമായതിനാൽ ഇവിടെയുളളവർ പൊതുവേ യാത്രകള്‍ക്ക് ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
ഗീതോണ്‍, നെതര്‍ലാന്‍ഡ്
വടക്കിന്റെ വെനീസ് എന്നു വിളിപ്പേരുള്ള നാടാണ് നെതര്‍ലാന്‍ഡിലെ ഗീതോണ്‍. റോഡുകളേക്കാള്‍ കൂടുതൽ ഇവിടെ തോടുകളും ജലാശയങ്ങളുമാണുളളത്. അത് കൊണ്ടാണ് ഗീതോണിനു ഇങ്ങനെയൊരു വിളിപ്പേരു ലഭിച്ചതും. ഇവിടുത്തെ പ്രധാന ഗതാഗത മാര്‍ഗം ബോട്ടുകളാണ്. ഗീതോണിനെ പരസ്പരം ബന്ധിപ്പിക്കാനായി 176 പാലങ്ങളുണ്ട്. കനാലുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇവിടെയ്ക്ക് എത്തിച്ചേരാനുളള മാർഗം ബോട്ടുകളാണ്.
സെര്‍മാറ്റ്, സ്വിറ്റ്‌സര്‍ലന്‍ഡ്
ആല്‍പ്‌സ് പര്‍വത നിരയോടു ചേര്‍ന്നു കിടക്കുന്ന പട്ടണമാണ് സെര്‍മാറ്റ്. സ്കീയിംങ് മലകയറ്റത്തിനുമെല്ലാം പ്രസിദ്ധമാണ് ഇവിടം. ജീവിത ചെലവ് കൂടുതലുള്ള സെര്‍മാറ്റ് യൂറോപ്പിലെ ഏറ്റവും ചിലവേറിയ പട്ടണമാണ്. പിരമിഡിന്റെ രൂപത്തിലുള്ള മാറ്റര്‍ഹോണ്‍ കൊടുമുടി ഇവിടെയാണ്. ഇവിടെയ്ക്ക് വൈദ്യുത കാറുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ശബ്ദമലിനീകരണവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
സിയസ് ദ്വീപുകള്‍
സ്‌പെയിനിലെ സുന്ദരമായ ദ്വീപുകളാണ് സിയസ്. മൂന്നു ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹമാണിത്. വേലിയേറ്റ സമയത്ത് ദ്വീപുകള്‍ക്കിടയിലെ കരയെ കടലെടുക്കും. പിന്നീട് പിന്‍വാങ്ങുകയും ചെയ്യും. പൈന്‍ മരക്കാടുകള്‍ തണലുവിരിക്കുന്ന വെള്ളമണല്‍ ബീച്ചുകളാണ് സിയസിലെ സവിശേഷത. ബോട്ടുകളും വഞ്ചികളും വഴി മാത്രം എത്തിച്ചേരാവുന്ന സിയസില്‍ കാറുകള്‍ക്ക് പ്രവേശനമില്ല. ന്യൂയോര്‍ക് ടൈംസ് തെരഞ്ഞെടുത്ത പരിസ്ഥിതിയെ സംരക്ഷിക്കുന്ന അമിതമായി വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാത്ത 52 സ്ഥലങ്ങളില്‍ ഒന്നായി 2022 ല്‍ സിയസ് ദ്വീപുകളെ തെരഞ്ഞെടുത്തിരുന്നു.
സിവിറ്റ ഡി ബാഗ്നോരെജിയോ, ഇറ്റലി
മരിച്ചു കൊണ്ടിരിക്കുന്ന നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടാണ് ഇറ്റലിയിലെ സിവിറ്റ ഡി ബാഗ്നോരെജിയോ. കാല്‍നടയായി മാത്രമാണ് ഈ ഗ്രാമത്തിലേക്ക് എത്താൻ കഴിയുക. അതും നടപ്പാലം വഴി. റോമില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ മലമുകളിലാണ് ഈ ഗ്രാമം ഉളളത്. മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളും തെരുവുകളും നിര്‍മിതികളുമുള്ള ഈ സ്ഥലം പതിയെ നശിച്ചുകൊണ്ടിരിക്കുന്ന ഗ്രാമം കൂടിയാണ്. ഇവിടെ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.