World
hezbollah attack at israel
World

ഇസ്രായേൽ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; 17 പേർക്ക് പരിക്ക്

Web Desk
|
6 Aug 2024 4:14 PM GMT

റഷ്യയോട് രണ്ട് യുദ്ധ വിമാനങ്ങൾ ആവശ്യ​പ്പെട്ട് ഇറാൻ

ജറുസലേം: വടക്കൻ ഇസ്രായേലിലെ നഹാരിയയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ 17 ​പേർക്ക് പരിക്കേറ്റു. നിരവധി ഡ്രോണുകളാണ് ഹിസ്ബുല്ല വിക്ഷേപിച്ചതെന്നും ഇതിൽ ഒന്നിനെ പ്രതിരോധിക്കാൻ സാധിച്ചെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വടക്കൻ ഇസ്രായേലിലെ സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡ് ആസ്ഥാനവും മ​റ്റൊരു സൈനിക താവളവുമാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു.

തങ്ങളുടെ മുതിർന്ന കമാൻഡറെ വധിച്ചതിന് വലിയ തിരിച്ചടി നൽകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ ഇസ്രായേലിൽ ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സൈന്യം നിർദേശം നൽകിയിരുന്നു.

ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിന് ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കൂട്ടലിലാണ് ഇസ്രായേലും സഖ്യരാജ്യങ്ങളും. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അമേരിക്കയുടെയടക്കം സഹായത്തോടെ ഇസ്രായേൽ ഒരുക്കുന്നുണ്ട്.

അതേസമയം, ​ആക്രമണത്തിൽ ഇസ്രായേലിലെ സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാൻ പ​രമോന്നത നേതാവ് ആയത്തുല്ല ഖുമേനിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഇറാനിലെത്തിയിരുന്നു. ഇദ്ദേഹമാണ് പ്രസിഡന്റിന്റെ നിർശേദം കൈമാറിയത്. റഷ്യൻ നിർമിത സുഖോയ് സു-35 യുദ്ധവിമാനങ്ങൾ എത്തിക്കാൻ ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇസ്രായേലിനെ തിരിച്ചടിക്കാനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ച് പറയാൻ വിദേശകാര്യ മന്ത്രാലയം തെഹ്റാനിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാരെയും നയതന്ത്ര ദൗത്യങ്ങളുടെ തലവാൻമാരെയും വിളിച്ചുവരുത്തി. ഇറാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അലി ബഗേരിയാണ് കൂടിക്കാഴ്ചക്ക് നേതൃത്വം നൽകിയത്. ഇറാന്റെ അഭ്യർഥന പ്രകാരം ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ നാളെ അടിയന്തര മീറ്റിങ് വിളിച്ചുചേർത്തതായി വിദേശകാര്യ വക്താവ് നാസർ ഖനാനി പറഞ്ഞു.

ഇറാന്റെയും ഹിസ്ബുല്ലയുടെയും കനത്ത ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളപ്പോഴും ഗസ്സയിൽ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ തുടരുകയാണ്. 305 ദിവസത്തിനിടെ ഇതുവരെ 39,653 പേരാണ് കൊല്ലപ്പെട്ടത്. 91,535 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൂട്ടക്കൊലകളാണ് ഇസ്രായേൽ നടത്തിയത്. ഇതിൽ 30 ഫലസ്തീനികൾ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Similar Posts