World
binyamina drone attack
World

എന്തുകൊണ്ട് അപായ സൈറണുകൾ മുഴങ്ങിയില്ല? സൈനിക താവളത്തിലെ ഡ്രോൺ ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ല

Web Desk
|
14 Oct 2024 2:56 PM GMT

ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഇസ്രായേലിന്റെ പേരുകേട്ട സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ വീണ്ടും തെളിയിക്കുന്നതാണ് ഞായറാഴ്ച ദക്ഷിണ ഹൈഫയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണം. ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലി സൈന്യത്തിലെ ഉന്നത വിഭാഗമായ ഗോലാനി ബ്രിഗേഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു വർഷത്തിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തിയ ഏറ്റവും മാരകമായ ഡ്രോൺ ആക്രമണമായിരുന്നുവിത്. സംഭവത്തിന് പിന്നാലെ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സ്ഥലം സന്ദർശിക്കുകയുണ്ടായി.

വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചന മാത്രമാണ് ഇതെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാക്കാനായി നിരവധി മിസൈലുകൾ നഹാരിയയും അക്കയും ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ മിസൈൽ സേന വിക്ഷേപിച്ചു. ഇതോടൊപ്പം വ്യോമസേന ഡ്രോണുകളും അയക്കുകയായിരുന്നു. ഡ്രോൺ പ്രതിരോധ റഡാറുകളുടെ വലയത്തിൽപ്പെടാതെ ഇസ്രായേലിനകത്തേക്ക് തുളച്ചുകയറി. തുടർന്ന് ബിൻയാമിനയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. ലെബനാന്റെ ഭൂമിയെ സംരക്ഷിക്കുന്നത് തുടരുമെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

ഇസ്രായേലി സൈനികർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡ്രോൺ പതിക്കുന്നത്. സൈറൺ മുഴങ്ങാത്തതിനാൽ ഇവർക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. ഹിസ്ബുല്ലയുടെ പ്രധാന ചാവേർ ഡ്രോണായ മിർസാദ് ആണ് പതിച്ചതെന്ന് ടൈംസ് ഓഫ് ഇ​സ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. അബാബിൽ -ടി എന്ന പേരിലാണ് ഇത് ഇറാനിൽ അറിയപ്പെടുന്നത്. 120 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. മണിക്കൂറിൽ 370 കിലോമീറ്ററാണ് പരമാവധി വേഗം. 40 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഇതിന് വഹിക്കാനാകും. കൂടാതെ 3000 മീറ്റർ ഉയരത്തിൽ വരെ ഇതിന് പറക്കാനും സാധിക്കും.

ബിൻയാമിനയിലെ ആക്രമണം രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഇസ്രായേലി പത്രമായ മാരിവ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം വെല്ലുവിളികൾ നേരിടാൻ ലേസർ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്ന് പത്രം കുറ്റപ്പെടുത്തി. ലെബനാൻ, ഗസ്സ, സിറിയ, ഇറാഖ്, ഇറാൻ, യെമൻ എന്നിവിടങ്ങളിൽനിന്നെല്ലാം ഇസ്രായേൽ ലക്ഷ്യമാക്കി ഡ്രോണുകൾ വരുന്നുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കാൻ മതിയായ സംവിധാനം ഇസ്രായേലിനില്ലെന്നും മാരിവ് ചൂണ്ടിക്കാട്ടുന്നു.

ഡ്രോണുകൾ വടക്കൻ ഇസ്രായേലി​ൽ കടന്നപ്പോൾ എന്തുകൊണ്ട് അപായ സൈറണുകൾ മുഴങ്ങിയില്ല എന്നത് സംബന്ധിച്ച് അ​ന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇസ്രായേലി ആർമി റേഡിയോ അറിയിച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം ഡ്രോൺ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. അതിനാൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശ്രമം ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ ഇസ്രായേലിനക​ത്തേക്ക് മിസൈലുകൾ അടക്കമുള്ളവ വരുമ്പോൾ ഉടനടി അപായ സൈറണുകൾ മുഴങ്ങാറുണ്ട്. ഇതോടെ ജനം സുരക്ഷാ ബങ്കറുകളിലേക്ക് മാറുകയാണ് പതിവ്.

ഹൈഫയിലും കിരിയാത് പോലുള്ള സമീപ പ്രദേശങ്ങളിലും സ്ഫോടന ശബ്ദം കേട്ടതായി ‘ഇസ്രായേൽ ഹയോം’ റിപ്പോർട്ട് ചെയ്യുന്നു. മെഡിറ്റേറിയൻ കടലിൽനിന്ന് രണ്ട് ഡ്രോണുകൾ വടക്കൻ മേഖലയിലെത്തുകയായിരുന്നു. ഇതി​ൽ ഒന്ന് നഹാരിയക്ക് സമീപം പ്രതിരോധിച്ചു. രണ്ടാമത്തേതിനെ ഇസ്രായേൽ വ്യോമസേനക്ക് പിന്തുടരാൻ സാധിച്ചില്ലെന്നും ഇത് സൈറണുകളുടെ പരാജയത്തിലേക്ക് നയിച്ചെന്നും ഇസ്രായേൽ ഹയോമിന്റെ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. അതേസമയം, ബിൻയാമിനയിലെ ആക്രമണത്തിൽ ഇസ്രായേലി സൈന്യത്തിലെ ചീഫ് സ്റ്റാഫ് ഹെർസി ഹലേവി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഇസ്രായേലി മാധ്യമങ്ങൾ നിഷേധിക്കുന്നുണ്ട്.

Similar Posts