കുടിയേറ്റം നിയന്ത്രിക്കാൻ വീണ്ടും കനത്ത നടപടിയുമായി യു.കെ
|കുടുംബാംഗത്തിന്റെ വിസ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കി
യു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ കനത്ത നടപടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. കുടുംബാംഗത്തിന്റെ വിസ സ്പോൺസർ ചെയ്യാനുള്ള കുറഞ്ഞ വരുമാനപരിധി ഇരട്ടിയിലേറെയാക്കി. നിലവിലെ വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി വർധിപ്പിച്ചു വ്യാഴാഴ്ച ഉത്തരവിറക്കി. 55 ശതമാനത്തിലേറെ വർധനയാണ് നടപ്പാക്കിയത്. 2025 ൽ ഇത് 38,700 പൗണ്ടായി വർധിപ്പിക്കുമെന്നാണ് സൂചന.
ഇമിഗ്രേഷൻ സംവിധാനത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ ആഴ്ചകൾക്ക് മുമ്പാണ് ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ചത്. അതിൽ നടപടികൾ തുടരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. 2023 മേയിൽ സ്റ്റുഡന്റ് വിസയിൽ കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം യു.കെയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാരിന്റെ നടപടികളെന്നാണ് വിലയിരുത്തൽ. ഋഷി സുനകിന്റെ പാർട്ടിക്ക് വിജയത്തുടർച്ചയുണ്ടാകില്ലെന്ന് സർവെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.