World
Hindu temple defaced in California

ഖലിസ്ഥാന്‍ വാദികളുടെ ചുവരെഴുത്തിന്‍റെ ദൃശ്യം

World

കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ ചുവരുകള്‍ വികൃതമാക്കി ഖലിസ്ഥാന്‍ വാദികള്‍; ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകള്‍

Web Desk
|
23 Dec 2023 5:23 AM GMT

സ്വാമിനാരായൺ മന്ദിർ വാസന സൻസ്തയുടെ ചുവരുകളിൽ ഖലിസ്ഥാന്‍ വാദികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളും നടത്തിയാണ് അതിക്രമം.

സ്വാമിനാരായൺ മന്ദിർ വാസന സൻസ്തയുടെ ചുവരുകളിലാണ് ഖലിസ്ഥാന്‍ വാദികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ ചുവരിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ വിദ്വേഷ എഴുത്തുകളാണുള്ളത്. സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്നും നെവാർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിനെയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് സിവിൽ റൈറ്റ്‌സ് ഡിവിഷനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്വാമിനാരായണ മന്ദിർ വാസന സൻസ്ത സംഭവത്തെ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ വേഗത്തിലുള്ള അന്വേഷണത്തിനും ഉടനടി നടപടിയെടുക്കാനും യുഎസ് അധികാരികളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖലിസ്ഥാന്‍ ഹിതപരിശോധനയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷമാണ് ഇവര്‍ പോയത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

ജനുവരിയില്‍, മെല്‍ബണിലെ വടക്കന്‍ പ്രാന്തപ്രദേശമായ മില്‍ പാര്‍ക്കിലുള്ള ബിഎപിഎസ് സ്വാമിനാരായണ മന്ദിറിന്റെ ചുവരുകള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ വികൃതമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളില്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെട്ട ചുവരെഴുത്തുകള്‍ നടത്തി. ആസ്ട്രേലിയയില്‍ നടന്ന സമാന ഒരു സംഭവത്തില്‍, 'ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്', 'ഖലിസ്ഥാന്‍ സിന്ദാബാദ്' തുടങ്ങിയ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് ഒരു ഹിന്ദു ക്ഷേത്രം വികൃതമാക്കിയിരുന്നു.

Similar Posts