ഇന്ത്യക്കാരെ തൊഴിലാളികളാക്കി പീഡനം; ഹിന്ദുജ കുടുംബത്തിലെ 4 പേർക്ക് സ്വിറ്റ്‌സർലൻഡിൽ ജയിൽ ശിക്ഷ
|സ്വിറ്റ്‌സർലൻഡിലെ വില്ലയിൽ നടന്ന തൊഴിൽപീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി
ജനീവ: ഇന്ത്യക്കാരെ സ്വിറ്റ്‌സർലൻഡിലെത്തിച്ച് ചൂഷണം ചെയ്‌തെന്ന കേസിൽ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളും ഇന്ത്യൻ വംശജരുമായ 4 പേർക്ക് ജയിൽശിക്ഷ. സ്വിറ്റ്‌സർലൻഡിലെ ബംഗ്ലാവിൽ നടന്ന തൊഴിൽപീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി. നാല് മുതൽ നാലക്കൊല്ലം വരെ തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.
ഹിന്ദുജയുടെ തലവൻ പ്രകാശ് ഹിന്ദുജ, ഭാര്യ കമാൽ മകൻ അജയ്, ഭാര്യ നമ്രത എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കോടതിവിധിക്കെതിരെ കുടുംബം അപ്പീലും നൽകിയിട്ടുണ്ട്. മനുഷ്യക്കടത്തുൾപ്പടെ രജിസ്റ്റർ ചെയ്ത കേസുകളിലെല്ലാം നാലുപേരും കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ ഇതുവരെ ആരും തടവുശിക്ഷയ്ക്ക് വിധേയരായിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകർ അറിയിച്ചു. കുടുംബത്തിന്റെ ബിസിനസ് മാനേജർ നജീബ് സിയായിക്ക് ഒന്നര വർഷം തടവും ശിക്ഷ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ സ്വിറ്റ്‌സർലൻഡിലെത്തിച്ച്, തുച്ഛ വേതനം മാത്രം നൽകി തൊഴിൽ പീഡനത്തിന് വിധേയമാക്കുന്നുവെന്നായിരുന്നു ഹിന്ദുജ ഗ്രൂപ്പിനെതിരെരായ കുറ്റം. ജനീവയിലെ അത്യാഢംബര വില്ലയിലായിരുന്നു തൊഴിലാളികളെ എത്തിച്ചിരുന്നത്. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചു വയ്ക്കുന്ന കുടുംബം വില്ലയ്ക്ക് പുറത്ത് പോകാൻ ഇവർക്ക് അനുവാദം നൽകിയിരുന്നില്ല.
മണിക്കൂറുകളോളം ജോലി ചെയ്യിച്ച് തുച്ഛ ശമ്പളം നൽകുന്നതടക്കം ഗുരുതരമായ വാദങ്ങളാണ് കുടുംബത്തിനെതിരെ സ്വിസ് പ്രോസിക്യൂട്ടർ യിവെസ് ബെർടോസ ജനീവ കോടതിയിൽ ഉന്നയിച്ചത്. ഹിന്ദി മാത്രം സംസാരിക്കുന്ന തൊഴിലാളികൾക്ക് ശമ്പളം വീടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു പതിവ്. ആരോപണങ്ങൾ ഉയർന്നതോടെ പരാതി ഒത്തുതീർപ്പാക്കാനും കുടുംബം ശ്രമിച്ചതായാണ് റിപ്പോർട്ട്.
2018ലാണ് ഹിന്ദുജയ്‌ക്കെതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുജ കുടുംബത്തിന്റെ വില്ലയിലെത്തിയ സ്വിസ് അന്വേഷണ ഉദ്യോഗസ്ഥർ വില്ല റെയ്ഡ് ചെയ്യുകയും സുപ്രധാന രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് തൊഴിലാളികളെ ഇന്ത്യയിൽ നിന്നെത്തിച്ച് കുടുംബം ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയത്. സ്വിറ്റ്‌സർലൻഡിൽ താഴേക്കിടയിലുള്ള തൊഴിലാളികൾക്ക് നൽകി വരുന്നതിന്റെ പത്തിലൊന്ന് വേതനം പോലും ഇവർക്ക് ലഭിച്ചിരുന്നില്ല. ഇടവേളകളില്ലാതെ, മണിക്കൂറുകളോളം പണിയെടുക്കുന്ന ഇവർ വില്ലയുടെ ബേസ്‌മെന്റിൽ വെറും നിലത്താണ് ഉറങ്ങിയിരുന്നത്.
തങ്ങൾക്ക് കമലിനെ പേടിയാണെന്ന് ജോലിക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച ജനീവ കോടതി ഹിന്ദുജ, തൊഴിലാളികളെ ചൂഷണം ചെയ്തതായി തീർപ്പു കൽപ്പിക്കുകയായിരുന്നു. തൊഴിലാളികളുടെ അറിവില്ലായ്മയയെയും ഭാഷാ പ്രശ്‌നങ്ങളെയും ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വിസ്റ്റ്‌സർലൻഡിൽ ജോലി ചെയ്യാനുള്ള രേഖകളില്ലാതെയാണ് ഹിന്ദുജ തൊഴിലാളികളെ ജോലിക്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹിന്ദുജ സ്വിസ് നിയമങ്ങൾക്ക് വില കൽപ്പിച്ചില്ലെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ വ്യവസായിയായിരുന്ന പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഓട്ടോമോട്ടീവ്, ഓയില്‍, ഷിപ്പിങ്, ബാങ്കിങ്, ആരോഗ്യം, മാധ്യമം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണു നിലവില്‍ ഹിന്ദുജ. അശോക് ലെയ്‌ലന്‍ഡ്, സ്വിച്ച് മൊബിലിറ്റി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍, ഗള്‍ഫ് ഓയില്‍, എന്‍.എക്‌സ്.ടി ഡിജിറ്റല്‍ എന്നിവയാണു പ്രധാന ബിസിനസ് സംരംഭങ്ങള്‍.
20 ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 1,68,770 കോടി രൂപ) ആണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. മേല്‍പറഞ്ഞ വ്യവസായ സംരംഭങ്ങള്‍ക്കു പുറമെ റേഫിള്‍സ് ലണ്ടന്‍ ഹോട്ടല്‍ ഉള്‍പ്പെടുന്ന നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുവകകളും ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി കുടുംബത്തിനുണ്ട്. റേഫിള്‍സില്‍ പ്രീമിയം സ്യൂട്ടില്‍ ഒരു രാത്രിക്കുള്ള ഫീ 25,000 പൗണ്ടാണ്. ഏകദേശം 26 ലക്ഷം രൂപ വരുമിത്.
പര്‍മാനന്ദ് ഹിന്ദുജയുടെ മകനും ബ്രിട്ടീഷ് കോടീശ്വരനുമായ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജയാണ്(എസ്.പി ഹിന്ദുജ) നിലവില്‍ കമ്പനിയുടെ ചെയര്‍പേഴ്‌സന്‍. കമ്പനിയുടെ യൂറോപ്യന്‍ ചെയര്‍മാനും പര്‍മാനന്ദ് ഹിന്ദുജയുടെ മറ്റൊരു മകനുമായ പ്രകാശ് ഹിന്ദുജയും കുടുംബവുമാണ് ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.