മൂന്ന് വയസുകാരനെ കൊലപ്പെടുത്താൻ വാടകകൊലയാളിയെ ഏർപ്പാടാക്കി; അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു
|അമേരിക്കയിലെ മയാമിയിലാണ് സംഭവം
ന്യൂയോർക്ക്: അമേരിക്കയിൽ മുന്ന് വയസുകാരനായ മകനെ കൊലപ്പെടുത്താൻ വാടക കൊലയാളിയാളിയെ ഏർപ്പാടാക്കാൻ ശ്രമിച്ച പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയാമി സ്വദേശി ജാസ്മിൻ പയസാണ് പൊലീസ് പിടിയിലായത്
'റെന്റ് എ ഹിറ്റ്മാൻ' എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ജാസ്മിൻ വാടക കൊലയാളിയോട് മുന്ന് വയസുകാരനെ ഒരാഴ്ച്ചക്കുള്ളിൽ കൊലപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഈ വെബ്സൈറ്റ് ഒരു പാരഡി സൈറ്റാണെന്ന് അറിയാതെ അവർ കുട്ടിയുടെ ഫോട്ടോയും കുട്ടി പോകാറുള്ള സ്ഥലങ്ങളും പങ്കുവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചെറിയ കുട്ടിയെ കൊലപ്പെടുത്താൻ ഒരു സ്ത്രീ തങ്ങളെ സമീപിച്ചു എന്ന് ചൂണ്ടികാട്ടി പാരഡി വെബ്സൈറ്റിന്റെ നടത്തിപ്പുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്തീയുടെ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസ് വെച്ച് സ്ത്രീയെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാനായി അന്വേഷണ ഉദ്യോഗസ്ഥർ വാടക കൊലയാളി എന്ന നിലക്ക് സ്ത്രീയെ ബന്ധപ്പെട്ടു. കൊലപാതകത്തിനായി ഇവർ 3000 ഡോളർ നല്കാമെന്ന് പറയുകയും ചെയ്തു. ഇതിന് ശേഷം പൊലീസ് സ്ത്രീയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ എന്തിനാണ് ജാസ്മിൻ കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല.