'ആപ്പിള്‍ ഡെയ്ലി'യില്‍ ഹോങ്കോങ് പൊലീസിന്‍റെ റെയ്ഡ്; എഡിറ്റര്‍ ഇന്‍ ചീഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
|ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുന്ന ജിമ്മി ലായുടെ മാധ്യമ ഗ്രൂപ്പ് 'ആപ്പിള്‍ ഡെയ്ലി'യില്‍ ഹോങ്കോങ് പൊലീസിന്‍റെ റെയ്ഡ്. ഹെഡ് ഓഫീസില്‍ നടന്ന റെയ്ഡില്‍ എഡിറ്റര്‍ ഇന്‍ ചീഫിനെയും നാലു ഡയറക്ടര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
ആപ്പിള്‍ ഡെയ്ലിയുടെ ആസ്ഥാനത്തേക്കുള്ള പ്രവേശനവും പൊലീസ് തടഞ്ഞു. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. എഡിറ്റര്‍ ഇന്‍ ചീഫ് റയാന്‍ ലോ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ച്യൂംങ് കിം-ഹങ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ചൗ ടാറ്റ് ക്വന്‍, ഡെപ്യൂട്ടി ചീഫ് എഡിറ്റര്‍ ചാന്‍ പ്യൂമാന്‍, ചീഫ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ ച്യൂങ് ചി വായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആപ്പിള്‍ ഡെയ്ലി സ്ഥിരീകരിച്ചു. വിദേശ ശക്തികളുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
ഹോങ്കോങ്ങിനും ചൈനയ്ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുന്ന മുപ്പതിലേറെ ലേഖനങ്ങള്‍ ആപ്പിള്‍ ഡെയ്ലി പ്രസിദ്ധീകരിച്ചെന്നാണ് സീനിയര്‍ സൂപ്രണ്ട് ലി ക്വായ്-വാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 2019ല്‍ ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ആപ്പിള്‍ ഡെയ്ലിയുടെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായെ ജയിലിലടച്ചത്. ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് നിരവധി പ്രമുഖരെ ഇതിനോടകം ജയിലിലടച്ചിട്ടുണ്ട്.