ഇറാൻ ആണവകരാറിൽ പ്രതീക്ഷ; തീരുമാനം വൈകില്ലെന്ന് സൂചന
|2015ലെ ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ഇതാദ്യമായി വിജയത്തോട് അടുത്തിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ദുബൈ: ഇറാൻ ആണവ കരാർ ചർച്ചയിൽ പുരോഗതിയെന്ന് റഷ്യയും യൂറോപ്യൻ യൂനിയനും. കഴിഞ്ഞ ദിവസം ഇറാൻ സമർപ്പിച്ച രേഖാമൂലമുള്ള പ്രതികരണത്തിൽ അമേരിക്കയുടെ നിലപാടായിരിക്കും ഇനി പ്രധാനം. തടവുകാരുടെ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇറാൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
2015ലെ ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ഇതാദ്യമായി വിജയത്തോട് അടുത്തിരിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു. തങ്ങൾ മുന്നോട്ടു വെച്ച അന്തിമ നിർദേശത്തിന് ഇറാൻ നൽകിയ പ്രതികരണം ഏറെക്കുറെ തൃപ്തികരമാണെന്ന സൂചനയാണ് യൂറോപ്യൻ യൂനിയനും നൽകുന്നത്. പ്രഖ്യാപിത നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെയും രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ മുൻനിർത്തിയുമുള്ള പ്രതികരണമാണ് വൻശക്തി രാജ്യങ്ങൾക്ക് കൈമാറിയതെന്നും ഇറാനും പ്രതികരിച്ചു. തടവുകാരെ കൈമാറാൻ ഒരുക്കമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു ഡസനിലേറെ ഇറാനികൾ അമേരിക്കൻ ജയിലിലുണ്ട്. സിയാമക് നമാസി ഉൾപ്പെടെ ഏതാനും അമേരിക്കൻ പൗരൻമാരും ഇറാൻ പിടിയിലുണ്ട്. അടുത്ത ആഴ്ച തന്നെ വിയന്നയിൽ നിന്ന് നല്ല വാർത്ത വരുമെന്ന പ്രതീക്ഷയിലാണ് ഇറാൻ. ഉപരോധം മറികടന്നാൽ വിപണിയിലേക്ക് ഇറാൻ എണ്ണ എത്തുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനായാൽ ആഗോള എണ്ണവിപണിയിൽ വില വീണ്ടും കുറയാനും വഴിയൊരുങ്ങും.