World
Joe Biden backs Benjamin Netanyahu in gaza hospital attack
World

'ഇത് ചെയ്തത് മറ്റേ ടീമാണെന്ന് തോന്നുന്നു, നിങ്ങളല്ല'; ഗസ്സയിലെ ആശുപത്രി തകർത്തതിൽ നെതന്യാഹുവിനോട് ബൈഡൻ

Web Desk
|
18 Oct 2023 9:55 AM GMT

ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു

ജെറുസലേം: ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 'ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു'വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കി.

ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു. യുദ്ധവേളയിൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്‍റാണ് ബൈഡൻ.

അതേ സമയം അറബ് നേതാക്കൾ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഗസ്സയിലെ അല്‍ അഹ്‍ലി ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ സൈന്യമല്ലെന്നായിരുന്നു പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഗസ്സയിലെ തീവ്രവാദികള്‍ തന്നെയാണ് അതിന് പിന്നിലെന്നും തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവര്‍ ഇപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയാണെന്നും നെതന്യാഹു എക്സില്‍ കുറിച്ചു.

ഗസ്സയിലെ അല്‍ അഹ്ലി‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ക്രൂരമായ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേർക്കണമെന്ന് റഷ്യയും യു.എ.ഇയും ആവശ്യപ്പെട്ടു. ഇന്ന് നടക്കേണ്ട ബൈഡനുമായുള്ള കൂടിക്കാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റദ്ദാക്കി.

Similar Posts