അമേരിക്കയിലെ ആശുപത്രിയിൽ വെടിവെപ്പ്; അക്രമിയടക്കം നാല് പേർ മരിച്ചു
|ആശുപത്രിയിലെ വെടിവെപ്പിനെകുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു
ഒക്ലഹോമ: യു.എസ്സിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ആയുധധാരിയടക്കം നാല് പേർ മരിച്ചു. ഒക്ലഹോമയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രി വളപ്പിലാണ് വെടിവെപ്പുണ്ടായത്. വിവരമറിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പൊലീസ് ആക്രമിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് ആറ് മണിക്കാണ് ആശുപത്രി കെട്ടിടത്തിൽ നിന്നിറങ്ങി വന്ന അക്രമി വെടിവെച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമി ആരാണെന്നും ആക്രമണത്തിനു പിന്നിലെ കാരണം എന്താണെന്നും വ്യക്തമല്ല.
ഒരാഴ്ച്ചക്കിടെയുണ്ടായ സമാനമായ രണ്ട് വെടിവെപ്പിൽ 18 വിദ്യാർഥികളടക്കം 22 പേർ മരിച്ചിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ആക്രമണിത്തിന്റെ ആഘാതം കുറച്ചത്. ആക്രമിയുടെ കൈവശം നീണ്ട തോക്കാണുണ്ടായിരുന്നതെന്നും ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നാണ് വെടിയൊച്ച കേട്ടതെന്നും പൊലീസ് അറിയിച്ചു. ദൃക്സാക്ഷികളെ പൊലീസ് വിസ്തരിച്ചു. ആശുപത്രിയിലെ വെടിവെപ്പിനെകുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.