പാർലമെന്‍റില്‍ നെതന്യാഹുവിനെ കൂക്കിവിളിച്ച് ബന്ദികളുടെ ബന്ധുക്കൾ; പ്രസംഗം തടസപ്പെടുത്തി
|യുദ്ധം ഇനിയും നീളുമെന്നും അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നുമാണ് ലിക്കുഡ് പാർട്ടി യോഗത്തിൽ നെതന്യാഹു സമ്മതിച്ചത്
തെൽഅവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെ കൂക്കുവിളിയുമായി നേരിട്ട് ബന്ദികളുടെ ബന്ധുക്കൾ. ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുമ്പോഴാണ് ഇസ്രായേൽ പ്രധാനമന്ത്രി ജനരോഷം നേരിട്ടറിഞ്ഞത്. ബന്ദികളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളുമായെത്തിയ കുടുംബങ്ങൾ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.
ഗസ്സയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ വിഷയം ചർച്ച ചെയ്യാനായി വിളിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിലായിരുന്നു നാടകീയരംഗങ്ങൾ. സൈനികസമ്മർദത്തിലൂടെയല്ലാതെ ബന്ദികളെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. സൈനികസമ്മർദം ഇല്ലായിരുന്നുവെങ്കിൽ നൂറിലേറെ ബന്ദികളെ നമുക്ക് മോചിപ്പിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, കൂക്കുവിളികളോടെയാണ് ഇതിനെ കാഴ്ചക്കാർ നേരിട്ടത്. പോരാട്ടം നിർത്തില്ലെന്നും സൈന്യത്തിനു കൂടുതൽ സമയം വേണമെന്നും നെതന്യാഹു ആവശ്യപ്പെട്ടപ്പോൾ സമയമില്ല, ഇപ്പോൾ തന്നെ വേണമെന്ന് ഇവർ ഉറക്കെ വിളിച്ചുപറഞ്ഞു. 'താങ്കളുടെ സഹോദരനും അച്ഛനുമാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി' എന്നതടക്കമുള്ള ചോദ്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ഇവർ ഉയർത്തി.
ബന്ദികളെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് നെതന്യാഹു അറിയിച്ചു. അവരെ തിരിച്ചുകൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതിഷേധങ്ങൾക്കിടെ നെതന്യാഹു ഉറപ്പുനൽകി. 129 ബന്ദികൾ ഇനിയും ഹമാസ് പിടിയിലുണ്ടെന്നാണ് ഇസ്രായേൽ നൽകുന്ന ഔദ്യോഗിക കണക്ക്.
നെതന്യാഹു നേരത്തെ ഗസ്സയിലെത്തി ഇസ്രായേൽ സൈനികരെ സന്ദർശിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷമാണ് പാർലമെന്റിലെത്തിയത്. ലിക്കുഡ് പാർട്ടി യോഗത്തിലും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. താൻ നേരെ ഗസ്സയിൽനിന്നു വരികയാണ്. നമ്മൾ നിർത്തുന്നില്ല. പോരാട്ടം തുടരുകയാണ്. വരുംദിവസങ്ങളിൽ ആക്രമണം കടുപ്പിക്കും. പോരാട്ടം ഇനിയും നീളും. അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ലെന്നും യോഗത്തിൽ നെതന്യാഹു വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ക്രിസ്മസ് ദിനത്തിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 250 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 500ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ മരണസംഖ്യ 20,674 കടന്നിട്ടുണ്ട്.
Summary: Israel Prime Minister Benjamin Netanyahu booed and heckled by hostage families during parliament address