മരുഭൂമിയുടെ നടുവില്‍ വീട് വില്‍പനക്ക്; വില 12.8 കോടി
|കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായിട്ടാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്
നഗരത്തിന്‍റെ തിക്കും തിരക്കും ബഹളങ്ങളും ഇഷ്ടമില്ലാത്തവരാണോ നിങ്ങള്‍. ഏകാന്തതയെ പ്രണയിക്കുന്ന കൂടുതല്‍ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഈ വീട് നിങ്ങളെ ആകര്‍ഷിക്കും. കാരണം മരുഭൂമിക്ക് നടുവിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
വെറുതെ പോയി താമസിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ വീട് വാങ്ങുകയുമാകാം. 1.75 മില്യണ്‍ ഡോളറിനാണ് (12.8 കോടി രൂപ) വില്‍പ്പനക്ക് വച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍വാലിയിലെ മരുഭൂമിയുടെ നടുവിലായിട്ടാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. മരുഭൂമിയിലാണെങ്കിലും പെട്ടെന്ന് നശിക്കാത്ത വിധത്തിലും അകത്ത് ആവശ്യത്തിന് തണുപ്പ് ലഭ്യമാകുന്ന രീതിയിലുമാണ് വീട് പണി തീര്‍ത്തിരിക്കുന്നത്. ഒന്നും മിണ്ടിയും പറഞ്ഞും ഇരിക്കാനാണെങ്കില്‍ സമീപത്തെങ്ങും ഒരു വീടു പോലുമില്ല. നീണ്ടു പരന്നു കിടക്കുന്ന മണലും കള്ളിമുള്‍ച്ചെടികളും മാത്രം.
മൊജാവേ മരുഭൂമിയില്‍ പാറക്കല്ലുകളാല്‍ ചുറ്റപ്പെട്ട, ജനവാസമില്ലാത്ത അഞ്ച് ഏക്കറിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. അര്‍ബന്‍ ആര്‍ക്കിടെക്ചറല്‍ സ്പേസ് ഗ്രൂപ്പിന്‍റെ ഡിസൈനുകളെ അടിസ്ഥാനമാക്കി കുഡ് ഡെവലപ്‌മെന്‍റ് ആണ് കോണ്‍ക്രീറ്റിലുള്ള ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിനുള്ള സ്ഥലം ഒരുക്കാന്‍ കുറച്ചു പാടുപെട്ടതിനാല്‍ നിര്‍മ്മാണ പ്രക്രിയ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ വീടിന്‍റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
അതേസമയം വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്ക് വീട് വാങ്ങാനുള്ള അവസരവുമുണ്ട്. നിലവില്‍ 1,647 ചതുരശ്ര അടി സ്ഥലത്താണ് വീട് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികളും കുളിമുറികളും വീട്ടിലുണ്ട്. 2022 തുടക്കത്തോടെ വീട് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.