World
Yemeni Houthi group attacks ship in Arabian Sea for links with Israel, Houthi attack on Malta-flagged Megalopolis container ship
World

അറബിക്കടലിലും ഹൂതി ഭീഷണി; ഇസ്രായേല്‍ ബന്ധമുള്ള കപ്പൽ ആക്രമിച്ചു

Web Desk
|
19 Oct 2024 6:49 AM GMT

ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതത്തിന് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതിനാണ് ആക്രമണമെന്ന് ഹൂതി വക്താവ്

സൻആ: ചെങ്കടലിനു പുറമെ അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികൾ. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പൽ ഹൂതികൾ ആക്രമിച്ചു. ആക്രമണ ഭീതി നിലനിൽക്കെ ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും ഹൂതികൾ ഓപറേഷൻ വ്യാപിപ്പിക്കുന്നത്.

ഹൂതി സൈനിക വക്താവ് യഹ്‌യ സാരീ ആണ് പുതിയ ആക്രമണ വിവരം പുറത്തുവിട്ടത്. മാൾട്ടയുടെ പതാക വഹിക്കുന്ന മെഗാലോപോളിസ് എന്ന പേരിലുള്ള കപ്പലിനുനേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ലക്ഷ്യം കൈവരിക്കാനായെന്നും സാരി അറിയിച്ചു. ഇസ്രായേൽ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചെന്നാണ് ആക്രമണത്തിനു കാരണമായി ഹൂതി വക്താവ് വിശദീകരിച്ചത്. ഗസ്സയിലും ലബനാനിലും ആക്രമണം തുടരുന്ന കാലത്തോളം ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും യഹ്‌യ സാരീ മുന്നറിയിപ്പ് നൽകി.

ഒമാനിലെ സലാലാ തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതിനിടെയാണ് മെഗാലോപോളിസ് കപ്പലിനു നേരെ ആക്രമണം നടന്നതെന്നാണ് ഫിനാൻഷ്യൻ ഡാറ്റ വിവരദാതാക്കളായ 'എൽഎസ്ഇജി' പറയുന്നത്. അതിനിടെ, പടിഞ്ഞാറൻ യമനിൽ ബ്രിട്ടീഷ്-യുഎസ് ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. അൽഹുദൈദ പ്രവിശ്യയിലെ റഅസ് ഇ്‌സയിലാണ് ആക്രമണം നടന്നതെന്ന് ഹൂതി ചാനലായ 'അൽമസീറ ടിവി' റിപ്പോർട്ട് ചെയ്തു. എന്നാൽ, സംഭവത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരവെ കഴിഞ്ഞ നവംബറിലാണ് ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ 'ചെങ്കടൽ യുദ്ധം' പ്രഖ്യാപിച്ചത്. ചെങ്കടൽ വഴി ഇസ്രായേലിലേക്ക് ചരക്കുമായി പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനുശേഷം ഇതുവരെയായി 100ഓളം കപ്പലുകൾ ആക്രമിക്കപ്പെട്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത്. രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നാല് കപ്പൽ നാവികരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണു പ്രധാനമായും ആക്രമണം നടക്കുന്നത്. സ്ഫോടക വസ്തു നിറച്ച ബോട്ടുകൾ കപ്പലുകൾക്കു നേരെ അയച്ചും ആക്രമണം നടന്നിരുന്നു.

ഹൂതി ഭീഷണിയെ തുടർന്ന് നിരവധി കപ്പലുകൾ ഇസ്രായേലിലേക്കുള്ള ചരക്കുഗതാഗതം നിർത്തിവച്ചിരുന്നു. മിക്ക കപ്പലുകളും ആഫ്രിക്കയിലൂടെ ദീർഘദൂരം കറങ്ങിത്തിരിങ്ങാണ് ഇപ്പോൾ യാത്ര തുടരുന്നത്. ഇതുമൂലം ശതകോടികളുടെ നഷ്ടമാണ് മേഖലയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹൂതികളുമായി സഹകരണമുള്ള ചൈനീസ്-റഷ്യൻ കപ്പലുകൾ ചെങ്കടൽ വഴി ഗതാഗതം തുടരുന്നുണ്ട്.

ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹൂതികൾ ചെങ്കടലിൽ പുതിയ ആക്രമണത്തിനും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 'നാലാംഘട്ട' സൈനിക നീക്കത്തിന്റെ തുടക്കമെന്നാണ് യൂറോപ്യൻ യൂനിയൻ നാവിക സേനയായ 'ആസ്പൈഡ്സ്' ഇതിനെ വിശേഷിപ്പിച്ചത്. കടൽ വഴി ചരക്കു ഗതാഗതം തുടർന്നാൽ ആക്രമണമുണ്ടാകുമെന്നു സൂചന നൽകി കപ്പൽ ഉടമകൾക്ക് ഹൂതികൾ അയച്ച ഇ-മെയിൽ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

ഹൂതി ഭീഷണിക്കിടെ ചെങ്കടൽ വഴി ചരക്കുഗതാഗതം നടത്താൻ 200ലേറെ കപ്പലുകൾക്ക് സുരക്ഷയൊരുക്കിയ സേനയാണ് ആസ്പൈഡ്സ്. കപ്പൽ ഉടമകളുമായി നടത്തിയ രഹസ്യയോഗത്തിലാണ് ഹൂതികൾ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതായുള്ള വിവരം ഇയു നാവികസേന വെളിപ്പെടുത്തിയത്. ഏതാനും ആഴ്ചകൾക്കുമുൻപാണു യോഗം ചേർന്നത്.

കപ്പലുകളുടെ സഞ്ചാരപാത ട്രാക്ക് ചെയ്യാവുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം(എഐഎസ്) ഓഫാക്കാൻ ആസ്പൈഡ്സ് കപ്പൽ ഉടമകൾക്കു നിർദേശം നൽകിയിയിട്ടുണ്ട്. എഐഎസ് ഓൺ ചെയ്ത 75 ശതമാനം കപ്പലുകൾക്കുനേരെയും ഹൂതി മിസൈലുകൾ കൃത്യമായി പതിച്ചിട്ടുണ്ട്. സിസ്റ്റം ഓഫ് ചെയ്തപ്പോൾ 96 ശതമാനം ആക്രമണവും പരാജയപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ സൂചിപ്പിച്ചിരുന്നു. അതേസമയം, പുതിയ ഹൂതി ആക്രമണതന്ത്രത്തെ കുറിച്ചു പരസ്യമായി വിശദീകരിക്കാൻ ആസ്പൈഡ്സ് തയാറായിട്ടില്ല.

Summary: Yemeni Houthi group attacks ship in Arabian Sea for links with Israel

Similar Posts