മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി പിടിച്ചെടുക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ
|ഫാക്ടറിയിൽ അവശേഷിക്കുന്ന പോരാളികളോട് കീഴടങ്ങാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ ആവശ്യപ്പെട്ടു.
യുക്രൈന്‍: തെക്കൻ യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറി പിടിച്ചെടുക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ. ഫാക്ടറിയിൽ അവശേഷിക്കുന്ന പോരാളികളോട് കീഴടങ്ങാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ ആവശ്യപ്പെട്ടു. ഫാക്ടറിയിൽ സ്ഫോടനങ്ങൾ നടക്കുന്ന് ദൃശ്യങ്ങളും റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ കീഴടങ്ങില്ലെന്നും റഷ്യക്കെതിരെ ചെറുത്തു നിൽപ്പ് തുടരുകയാണെന്നും യുക്രൈൻ സൈന്യം അറിയിച്ചു. നിലവിൽ ഫാക്ടറി ഒഴികയുള്ള ഭാഗങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞെന്നാണ് റഷ്യയുടെ അവകാശ വാദം.
മുന്നൂറിലധികം സാധാരണക്കാർ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് യുക്രൈൻ വ്യക്തമാക്കി. ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ദീർഘകാല വെടിനിർത്തൽ ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കി വ്യക്തമാക്കി. അതിനിടെ മരിയുപോളിലെ ജനങ്ങളെ ഒഴിപ്പിക്കാനായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മനുഷത്വ ഇടനാഴി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.