ഫിലിപ്പീൻസിൽ എങ്ങനെയാണ് ഉള്ളി ആഡംബര വസ്തുവായത്?
|മാംസത്തിന്റെ വിലയേക്കാൾ അധികമാണ് ഫിലിപ്പീൻസിൽ ഉള്ളിയുടെ വില
ഫിലിപ്പീൻസിൽ ഉള്ളിവില മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഫിലിപ്പീൻസിൽ ഉള്ളിയുടെ വില കഴിഞ്ഞ മാസം കിലോയ്ക്ക് 700 പെസോ (1048 രൂപ)ഉയർന്നു. മാംസത്തിന്റെ വിലയേക്കാൾ അധികമാണ് ഫിലിപ്പൈൻസിൽ ഉള്ളിയുടെ വില. ഉള്ളി പല ഉപഭോക്താക്കൾക്കും ഇപ്പോഴും ആഡംബരവസ്തു തന്നെയാണ്.
'ഞങ്ങൾ ഒരു ദിവസം മൂന്ന് മുതൽ നാല് കിലോഗ്രാം വരെ ഉള്ളി വാങ്ങാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ അര കിലോ ഉള്ളി മാത്രമാണ് വാങ്ങുന്നത്. ഞങ്ങൾക്ക് അത്രയേ താങ്ങൂ'', സെൻട്രൽ സെബു നഗരത്തിൽ പിസ്സ റെസ്റ്റോറന്റ് നടത്തുന്ന റിസാൽഡ മൗൺസ് ബി.ബി.സിയോട് പറഞ്ഞു. വർധിച്ച ജീവിതച്ചെലവ് പ്രകടമാക്കുകയാണ് ഉള്ളി വില. 14 വർഷത്തിന് ശേഷം രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലാണ്. ഭക്ഷണം മുതൽ ഇന്ധനം വരെയുള്ള എല്ലാത്തിനും പൊള്ളുന്ന വില. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഭക്ഷ്യവിലക്കയറ്റത്തെ 'അടിയന്തര സാഹചര്യം' എന്നാണ് വിളിച്ചത്. ഈ മാസം ആദ്യം അദ്ദേഹം ഉള്ളി അടിയന്തരമായി ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു.
അതേസമയം പ്രതികൂലമായ കാലാവസ്ഥ ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുമെന്ന് ഓഗസ്റ്റിൽ കൃഷിവകുപ്പ് പ്രവചിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം, ഫിലിപ്പീൻസിൽ രണ്ട് ശക്തമായ കൊടുങ്കാറ്റുകളാണുണ്ടായത്. അത് വലിയ കൃഷി നാശത്തിനാണ് കാരണമായത്. ഫിലിപ്പീൻസിലെ വിലക്കയറ്റം തദ്ദേശീയർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. വിലക്കയറ്റം തടയുന്നതിന് അതിവേഗം സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പൂച്ചെണ്ട് പോലെ രൂപകൽപ്പന ചെയ്ത ഉള്ളി ഇലോയിലോ സിറ്റിയിലെ ഒരു വിവാഹത്തിൽ വധു തെരഞ്ഞെടുത്തിരുന്നു. ഇതോടെ ഉള്ളിക്ക് ആവശ്യാക്കാരേറി. 'പൂക്കൾക്ക് പകരം ഉള്ളി ഉപയോഗിക്കാമോ എന്ന് ഞാൻ എന്റെ വരനോട് ചോദിച്ചു, കാരണം വിവാഹത്തിന് ശേഷം പൂക്കൾ വാടുകയും വലിച്ചെറിയുകയും ചെയ്യും,'എന്തുകൊണ്ട് ഉള്ളിയായിക്കൂടാ?,ഇത് കല്യാണത്തിനു ശേഷവും ഉപയോഗിക്കാം, മിസ് ബിയോറി ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
40 കിലോ ഉള്ളിയും പഴങ്ങളും കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഫിലിപ്പൈൻ എയർലൈൻസിലെ 10 ജീവനക്കാർ അന്വേഷണം നേരിട്ടിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ പിന്നീട് കുറ്റം ചുമത്തില്ലെന്ന് പറഞ്ഞെങ്കിലും പെർമിറ്റില്ലാതെ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
ഭക്ഷ്യ ഉൽപ്പാദനം വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ മേൽ വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കണമെന്ന് ചില രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ''കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്, അവശ്യവസ്തുക്കൾ മാത്രം വാങ്ങുന്ന മിക്ക ഉപഭോക്താക്കൾക്കും വാങ്ങൽ ശേഷി ബുദ്ധിമുട്ടാണെന്നതിൽ സംശയമില്ല. കാലാവസ്ഥാ വ്യതിയാനം ക്ഷാമം ഉണ്ടാക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ചെയ്താൽ, ഫിലിപ്പീൻസിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ അത് പ്രതികൂലമായി ബാധിക്കും,' കാന്താർ വേൾഡ്പാനൽ കൺസൾട്ടൻസിയിൽ നിന്നുള്ള മേരി-ആൻ ലെസോറൈൻ പറഞ്ഞു. വിളവെടുപ്പും ഇറക്കുമതിയും ഏതാണ്ട് ഒരേസമയം നടക്കുകയും ഉൽപ്പന്നങ്ങൾ വിപണിയിലെത്തുകയും ചെയ്താൽ വിലക്കയറ്റത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.