World
Netanyahu
World

നെതന്യാഹുവിനെതിരായ ഐസിസി അറസ്റ്റ് വാറണ്ട് തള്ളി അമേരിക്ക

Web Desk
|
22 Nov 2024 7:09 AM GMT

ഐസിസിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് തള്ളി അമേരിക്ക. ഐസിസിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

''നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഈ തീരുമാനത്തിലേക്ക് നയിച്ച പ്രശ്‌നകരമായ പ്രക്രിയയിലെ പിശകുകളിലും വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍ പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും'' ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് ഇസ്രായേലിന് പിന്തുണ അറിയിക്കുകയും "ജനുവരിയിൽ ഐസിസിയുടെയും യുഎന്നിൻ്റെയും യഹൂദവിരുദ്ധ പക്ഷപാതത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്ന്" സൂചിപ്പിക്കുകയും ചെയ്തു. ഐസിസിക്ക് വിശ്വാസ്യതയില്ലെന്നും ഇസ്രായേൽ തങ്ങളുടെ ജനങ്ങളെയും അതിർത്തികളെയും നിയമപരമായി സംരക്ഷിച്ചുവെന്നും വാൾട്ട്സ് കൂട്ടിച്ചേർത്തു.

"ഞാൻ ഒരിക്കൽക്കൂടി വ്യക്തമാക്കട്ടെ.. ഐസിസി സൂചിപ്പിക്കുന്നത് എന്തുതന്നെയായാലും, ഇസ്രായേലും ഹമാസും തമ്മിൽ തുല്യതയില്ല - ഒന്നുമില്ല. അതിൻ്റെ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾക്കെതിരെ ഞങ്ങൾ എല്ലായ്പ്പോഴും ഇസ്രായേലിനൊപ്പം നിൽക്കും." യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ അറസ്റ്റ് വാറണ്ട് കോടതിയുടെ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാൽ രാജ്യത്ത് പ്രവേശിച്ചാൽ നെതന്യാഹുവിനെയോ ഗാലൻ്റിനെയോ അറസ്റ്റ് ചെയ്യുമോ എന്ന് പറയാൻ വിസമ്മതിച്ചു. ഫ്രാൻസ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമോ എന്ന് വാർത്താ സമ്മേളനത്തിനിടെ ചോദിച്ചപ്പോൾ, ഇത് നിയമപരമായി സങ്കീർണ്ണമായ ചോദ്യമാണെന്ന് ക്രിസ്റ്റോഫ് ലെമോയിന്‍റെ പ്രതികരണം. നെതർലൻഡ്‌സിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ നെതന്യാഹുവിനെയും ഗാലൻ്റിനെയും അറസ്റ്റ് ചെയ്യുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രി കാസ്‌പർ വെൽഡ്‌കാമ്പ് പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായി നെതർലൻഡ് പൂർണമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് സുപ്രധാനവും ഗൗരവമേറിയതുമായ നടപടിയാണെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നായിരുന്നു ബ്രിട്ടന്‍റെ നിലപാട്.

ഗസ്സയിൽ ആയിരങ്ങളുടെ കുരുതിയും ആശുപത്രി സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തുള്ള യുദ്ധകുറ്റങ്ങളും മുൻനിർത്തിയാണ്​ നെതന്യാഹുവിനും ഗാലന്‍റിനുമെതിരെ അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​. ഐസിസി പ്രീ-ട്രയൽ ചേംബർ ഒന്നിലെ മൂന്ന്​ ജഡ്ജിമാർ ഒറ്റക്കെട്ടായാണ്​ വാറണ്ട്​ ​കൈമാറാൻ തീരുമാനിച്ചത്​.ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദഈഫിനും അറസ്റ്റ്​ വാറണ്ടുണ്ട്​. ദഈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സ നിവാസികൾക്ക്​ ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങൾക്ക്​ ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചു. ആസൂത്രിത അതിക്രമങ്ങളും കൂട്ടക്കുരുതികളുമാണ്​ നെതന്യാഹുവും യോവ്​ ഗാലന്‍റും ഗസ്സയിൽ നടപ്പാക്കിയതെന്നും വിലയിരുത്തിയാണ്​ കോടതി നടപടി. ഐസിസി അംഗ രാജ്യങ്ങളിൽ ഇസ്രായേൽ നേതാക്കൾ എത്തിയാൽ അറസ്റ്റ്​ അനിവാര്യമാകും. തുടർന്ന്​ ഹേഗിലെ ഐസിസി ആസ്ഥാനത്ത്​ ഇവരെ വിചാരണ വിധേയമാക്കണം എന്നാണ്​ ചട്ടം. “ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തേക്കാൾ ന്യായമായ മറ്റൊന്നില്ല,” എന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.

Similar Posts