World
Russian Army

പ്രതീകാത്മക ചിത്രം

World

റഷ്യന്‍ സേനയിലെ മേലുദ്യോഗസ്ഥര്‍ വനിതാ സൈനികരെ ലൈംഗിക അടിമകളാക്കുന്നു; വെളിപ്പെടുത്തലുമായി മുന്‍ ഉദ്യോഗസ്ഥ

Web Desk
|
31 March 2023 6:16 AM GMT

മറ്റുള്ളവര്‍ ടെന്‍റുകളിലും വീടുകളിലും രാത്രി കഴിച്ചുകൂട്ടിയപ്പോള്‍ ഒരു മാസത്തോളം ചെറിയ വനത്തിലാണ് താനുറങ്ങിയതെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥ

കിയവ്: റഷ്യ-യുക്രൈന്‍ യുദ്ധം 400-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമായി, അതിലുമേറെ ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പിറന്ന നാട് ഉപേക്ഷിക്കേണ്ടി വന്നു. അവസാനിക്കുമെന്ന് ഒരു സൂചനയും നല്‍കാതെ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളും കടുക്കുകയാണ്. സേനയിലെ തന്നെ വനിതാ സൈനികരാണ് മേലുദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പുരുഷ ഉദ്യോഗസ്ഥര്‍ വനിതകളെ ലൈംഗിക അടിമകളാക്കുന്നുവെന്നും വിസമ്മതിക്കുന്നവര്‍ക്ക് ഭയാനകമായ ദുരുപയോഗം നേരിടേണ്ടിവരുന്നുണ്ടെന്നും മുന്‍പ് റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന മാര്‍ഗരിറ്റ സ്വതന്ത്ര മാധ്യമ സ്ഥാപനമായ റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുക്രൈനെതിരെ പോരാടാന്‍ റഷ്യൻ സായുധ സേനയിൽ ചേർന്ന സ്ത്രീകൾ ഫീൽഡ് ഭാര്യമാരാകാൻ നിർബന്ധിതരാകുകയാണെന്ന് മാർഗരിറ്റ പറഞ്ഞു. പാചകം,വൃത്തിയാക്കല്‍,ഉദ്യോഗസ്ഥരെ ആനന്ദിപ്പിക്കല്‍ എന്നിവയാണ് ഇവരുടെ ജോലി. ഇതിനു വിസമ്മതിക്കുന്ന വനിതാ സൈനികര്‍ ക്രൂരമായ പീഡനമായിരിക്കും നേരിടേണ്ടി വരിക. "ഞങ്ങൾ അവിടെ പോയപ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. മനസ്സിലാക്കിയപ്പോൾ ഞങ്ങള്‍ പിന്നോട്ടു പോയില്ല'' മാര്‍ഗരിറ്റ വിശദമാക്കുന്നു.

2011ല്‍ മാര്‍ഗരിറ്റ സേന വിട്ടിരുന്നു. പിന്നീട് പുനരാരംഭിച്ച ശേഷം, ഒരു കേണൽ തന്നെ ഒറ്റപ്പെടുത്തുകയും ആവര്‍ത്തിച്ച ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായും അവര്‍ വെളിപ്പെടുത്തി. താന്‍ വിസമ്മതിച്ചു മൂലം കീഴുദ്യോഗസ്ഥരോട് തന്നെ പരമാവധി ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതായും മാര്‍ഗരിറ്റ പറഞ്ഞു. മറ്റുള്ളവര്‍ ടെന്‍റുകളിലും വീടുകളിലും രാത്രി കഴിച്ചുകൂട്ടിയപ്പോള്‍ ഒരു മാസത്തോളം ചെറിയ വനത്തിലാണ് താനുറങ്ങിയതെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥ വിശദീകരിക്കുന്നു.

ദുരുപയോഗത്തിന്‍റെയും ചൂഷണത്തിന്‍റെയും നിരവധി സംഭവങ്ങളാണ് മാര്‍ഗരിറ്റ പറഞ്ഞത്. ദ്യപിച്ചിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥൻ വെടിവച്ചതിനെത്തുടർന്ന് സ്ഥിരമായി അംഗവൈകല്യം സംഭവിച്ച ഒരു സ്ത്രീയെക്കുറിച്ചും അവര്‍ പറഞ്ഞു. റൈഫിള്‍ ഉപയോഗിച്ച് കേണല്‍ സ്ത്രീകളെ നിരന്തരം മര്‍ദ്ദിക്കാറുണ്ട്. ദുരുപയോഗത്തിന്‍റെ വ്യാപ്തി ഭയാനകമായിരുന്നു. ലൈംഗികതയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അത്. പല സൈനികരെയും അവരുടെ സീനിയർമാർ ആക്രമിക്കുകയോ അവർ വാക്കാൽ അധിക്ഷേപിക്കുകയോ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്ന് മഗരിറ്റ പറഞ്ഞു.എലികൾ നിറഞ്ഞ തണുത്ത നിലവറകളിൽ മുൻനിരയിൽ യുദ്ധം ചെയ്യാൻ ആഗ്രഹിക്കാത്ത സൈനികരെ പൂട്ടിയിടുകയും അവരെ അവിടെ നഗ്നരാക്കുകയും ചെയ്യുന്നതാണ് ഒരു സാധാരണ രീതി. ആ രീതി പരാജയപ്പെട്ടാല്‍ കൂടുതല്‍ ക്രൂരമായ മാര്‍ഗങ്ങള്‍ പരീക്ഷിക്കും. കീഴുദ്യോഗസ്ഥരെ കൊണ്ട് സ്വന്തം ശവക്കുഴികള്‍ കുഴിപ്പിക്കുകയും അതില്‍ കിടക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്യും.

പീഡനത്തെ തുടര്‍ന്ന് സൈനിക സേവനം ഉപേക്ഷിച്ച മാര്‍ഗരിറ്റ ഇപ്പോള്‍ വീട്ടിലാണ്.കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍ മനശാസ്ത്രജ്ഞയെ കാണുന്നുണ്ട്. ഇപ്പോഴും ആ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായിട്ടില്ല. ഒറ്റക്കായിരിക്കുമ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും പഴയ കാര്യങ്ങള്‍ തന്നെ വേട്ടയാടാറുണ്ടെന്ന് മാര്‍ഗരിറ്റ പറഞ്ഞു.

Similar Posts