കടലിൽ ഉപേക്ഷിച്ചത് ഒരു ലക്ഷം മീനുകൾ; അന്വേഷണം പ്രഖ്യാപിച്ച് ഫ്രാൻസ്
|32,300 ചതുരശ്ര അടിയിലാണ് മീനുകൾ ചത്തുകിടക്കുന്നത്.
പാരിസ്: അറ്റ്‌ലാന്റിക് സമുദ്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മീൻപിടിത്ത യാനം ഒരു ലക്ഷത്തിലേറെ മത്സ്യങ്ങൾ ഉപേക്ഷിച്ചതായി ആരോപണം. എഫ്.വി മാർഗിരിസ് എന്ന ബോട്ടാണ് ഫ്രഞ്ച് തീരത്ത് ഇത്രയും കൂടുതൽ മീനുകൾ ഉപേക്ഷിച്ചത്. സംഭവത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
പരിസ്ഥിതി സംഘടനയായ സീ ഷെപ്പേഡ് ഫ്രാൻസാണ് മീനുകൾ കൂട്ടത്തോടെ പൊന്തിക്കിടക്കുന്നതിന്റെ വീഡിയോ പങ്കുവച്ചത്. ബിസ്‌കേ ഉൾക്കടലിലാണ് മീനുകളുള്ളത്. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ഫ്രഞ്ച് തീര വകുപ്പു മന്ത്രി അന്നിക് ഗിറാർദിൻ പറഞ്ഞു. ദേശീയ ഫിഷിങ് സർവീലിയൻസ് അതോറിറ്റിയാണ് സംഭവം അന്വേഷിക്കുക.
More than 100,000 dead fish spotted off French Atlantic coasthttps://t.co/jgQ5vqrrfJ pic.twitter.com/WkETeNqfgY
— BBC News (World) (@BBCWorld) February 5, 2022
മത്സ്യ എണ്ണയ്ക്ക് ഉപയോഗിക്കുന്ന കോഡ് വിഭാഗത്തിൽപ്പെട്ട മീനുകളാണ് ഉപേക്ഷിച്ചിട്ടുള്ളത്. വല കീറിയതു കൊണ്ട് ബോട്ട് അധികൃതർ മനഃപൂർവ്വം മീൻ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. 32,300 ചതുരശ്ര അടിയിലാണ് മീനുകൾ ചത്തുകിടക്കുന്നത്.