ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പാലത്തില്‍ ഉഗ്രസ്ഫോടനം
|യുക്രൈനുമായുള്ള യുദ്ധത്തിനിടെയാണ് റഷ്യയെ ആശങ്കയിലാക്കി കെര്‍ച്ച് പാലത്തില്‍ സ്ഫോടനമുണ്ടായത്.
മോസ്കോ: ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ ഉഗ്രസ്ഫോടനം. യുക്രൈനുമായുള്ള യുദ്ധത്തിനിടെയാണ് റഷ്യയെ ആശങ്കയിലാക്കി കെര്‍ച്ച് പാലത്തില്‍ സ്ഫോടനമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 06.07നാണ് സ്ഫോടനമുണ്ടായത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിര്‍ദേശ പ്രകാരം 2018ല്‍ നിര്‍മിച്ച പാലമാണിത്. 'നൂറ്റാണ്ടിലെ നിർമിതി'യെന്ന് റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയ, ഏറെ സുരക്ഷ ഏര്‍പ്പെടുത്തിയ പാലത്തിലുണ്ടായ സ്ഫോടനം റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചു.
ട്രക്ക് പൊട്ടിത്തെറിച്ച്, റെയില്‍ മാര്‍ഗം പോവുകയായിരുന്ന ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചെന്നാണ് റഷ്യന്‍ വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തത്. ആളപായം ഉണ്ടായിട്ടുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു ട്രക്കും കാറും പാലത്തിലൂടെ അടുത്തടുത്ത് സഞ്ചരിക്കുന്നത് വ്യക്തമാണ്.
യുക്രൈന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈക്കെലോ പൊഡോലിയാക് ട്വീറ്റ് ചെയ്തതിങ്ങനെ- "ക്രിമിയ, പാലം, തുടക്കം. നിയമവിരുദ്ധമായതെല്ലാം നശിപ്പിക്കണം. മോഷ്ടിച്ചതെല്ലാം യുക്രൈന് തിരികെ നൽകണം. കൈവശപ്പെടുത്തിയ ഇടങ്ങളില്‍ നിന്നെല്ലാം റഷ്യയെ പുറത്താക്കണം."
സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ പുടിൻ ഉത്തരവിട്ടെന്ന് ക്രെംലിൻ വക്താവ് അറിയിച്ചു. "ഞങ്ങൾക്കെതിരെ മറഞ്ഞിരുന്ന് ഭീകരവാദ യുദ്ധം നടത്തുന്നുണ്ട്" എന്നാണ് ഭരണകക്ഷി നേതാവ് ഒലെഗ് മൊറോസോവ് പറഞ്ഞു.
തകര്‍ക്കപ്പെട്ട പാലം യുക്രൈനില്‍ യുദ്ധത്തിലേർപ്പെട്ട റഷ്യൻ സൈനികർക്ക് യുദ്ധസാമഗ്രികൾ എത്തിക്കുന്നതിൽ ഏറെ നിർണായകമാണ്. കര, വ്യോമ, കടൽ മാർഗങ്ങളിൽ ഏറെ സുരക്ഷാ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയ പാലമാണെന്ന് റഷ്യ അവകാശപ്പെട്ട പാലത്തിലാണ് സ്ഫോടനമുണ്ടായതെന്നതും ശ്രദ്ധേയമാണ്. 400 കോടി ഡോളർ ചെലവിൽ നിര്‍മിച്ച 18 കിലോമീറ്റർ നീളമുള്ള പാലമാണിത്.