ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മമ്മികൾ പോർച്ചുഗലിൽ
|1958നും 1964നും ഇടയിൽ പോർച്ചുഗലിലെ സാഡോ താഴ്വരയിൽ നിന്നുമാണ് മമ്മികളെ കണ്ടെത്തിയത്
പോർച്ചുഗലിൽ 60 വർഷം മുൻപ് കണ്ടെത്തിയ 8000 വർഷം പഴക്കമുള്ള മനുഷ്യമമ്മികളാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള മമ്മിയെന്ന് പുതിയ പഠനം. ഈജിപ്തിൽ നിന്നും കണ്ടെത്തിയ മമ്മികളുമായി താരതമ്യം ചെയ്യുമ്പോൾ പോർച്ചുഗലിൽ നിന്നും കണ്ടെത്തിയ മമ്മികൾക്ക് പഴക്കം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. 1958നും 1964നും ഇടയിൽ പോർച്ചുഗലിലെ സാഡോ താഴ്വരയിൽ നിന്നുമാണ് മമ്മികളെ കണ്ടെത്തിയത്.
ഈയടുത്ത് മമ്മികളെല്ലാം ദഹിപ്പിച്ചിരുന്നു. ഇതോടെ മമ്മികളെ കുറിച്ചുള്ള പഠനം പൂർണമായും നിർത്തി വെച്ചു. തുടർന്ന് പോർച്ചുഗലിലെ ലിസ്ബൻ സർവകലാശാലയിലെ ആർക്കയോളജിസ്റ്റായ ജോ ലൂയി കാർഡോസോ മൂന്നു ഫിലിം റോളുകളുമായി രംഗത്തെത്തിയതോടെയാണ് പഠനം വീണ്ടും തുടരുന്നത്. 1958-1964 കാലഘട്ടത്തിലുള്ള 13 മമ്മികളുടെ ചിത്രങ്ങൾ റോളുകളിൽ ഉണ്ടായിരുന്നു. കാലുകൾ കെട്ടി വരിഞ്ഞ നിലയിലാണ് ചിത്രങ്ങളിൽ കാണപ്പെട്ടത്.
അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ചിത്രങ്ങൾ ആധുനിക സോഫ്‌റ്റ്വെയർ ഉപയോഗിച്ച് പല തരത്തിലുള്ള പഠനങ്ങളും നടത്തി. സാധാരണ ഗതിയിൽ, അടക്കം ചെയ്യുന്ന ശരീരങ്ങളിൽ അസ്ഥികൾ വളരെ വേഗത്തിൽ ദ്രവിക്കും. എന്നാൽ മമ്മിയാക്കപ്പെട്ട ശരീരങ്ങളിൽ അസ്ഥി നഷ്ടപ്പെടുന്നത് കുറവായിരിക്കും. ഫോട്ടോഗ്രാഫുകളിൽ നിന്ന്, സാഡോ താഴ്വരയിലെ മമ്മികൾക്ക് അസ്ഥികൾ നഷ്ടപ്പെട്ടത് കുറവായിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ഈ ശരീരങ്ങളിൽ പലതും മമ്മിയാക്കപ്പെട്ടിരുന്നു എന്നതിനുള്ള ശക്തമായ തെളിവാണ് ഇത്.
തെക്കൻ അമേരിക്കൻ രാജ്യം ചിലെയിൽ നിന്നു കണ്ടെത്തിയ ചിൻചോറോ മമ്മികളാണ് ലോകത്തിൽ ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും പഴക്കമുള്ള മമ്മികളെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള അനുമാനം. എന്നാൽ പോർച്ചുഗലിൽ നിന്നുള്ള പുതിയ കണ്ടെത്തലാണ് ഇപ്പോൾ ശാസ്ത്ര ലോകത്തിന് മുതൽ കൂട്ടായിരിക്കുന്നത്.